കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനം വർധനവ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേന്ദ്ര ജീവനക്കാരുടെ ക്ഷാമ ബത്തയിൽ നാലു ശതമാനം വർധനവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. 2024 ജനുവരി 1 മുതൽ വർധിപ്പിച്ച ക്ഷാമ ബത്ത പ്രാബല്യത്തിൽ വരും. 449.18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും, വിരമിച്ച 67.95 ലക്ഷം പേർക്കും ക്ഷാമബത്തയിലെ വർധനവ് ഗുണകരമാകും. എഴാം ശമ്പള കമ്മിഷന്‍റെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്. ഇതിനു മുൻപ് ഒക്റ്റോബറിലാണ് ക്ഷാമബത്ത വർധിപ്പിച്ചത്.