സർക്കാർ സ്‌കൂളിലെ സീലിങ് പൊടുന്നനെ തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

തൃശൂർ: ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്‌ചയ്ക്കകം നൽകണം എന്ന് മുഖ്യമന്ത്രിപിണറായിവിജയൻ ഉത്തരവിട്ടത്തിനു പിറകെ , തൃശൂർ കോടാലിയിൽ സര്‍ക്കാര്‍ സ്‌കൂളിൽ ഹാളിൻ്റെ സീലിങ് തകർന്നു വീണു. ഒഴിവായത് വൻ ദുരന്തം. തൃശൂർ ജില്ലയിലെ ഗവൺമെൻ്റ് എല്‍പി സ്‌കൂളിലെ ഓഡിറ്റോറിയത്തിനുള്ളിലെ സീലിങ്ങാണ് അടര്‍ന്നുവീണത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിൻ്റെ സീലിങ് ആണ് തകർന്നത്. ജിപ്‌സം ബോര്‍ഡുകൊണ്ടു നിര്‍മിച്ച സീലിങ്ങാണ് പൂര്‍ണമായി നിലം പൊത്തിയത്. സീലിങ് തകര്‍ന്നു വീഴുന്നതിൻ്റെ ശബ്‌ദം ഓഡിറ്റോറിയത്തിനുള്ളിൽ നിന്നും കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. സീലിങ്ങിൽ ഘടിപ്പിച്ചിരുന്ന ഫാനുകളും ഇതോടൊപ്പം പൊട്ടി വീണിട്ടുണ്ട്.
അധ്യായന ദിവസങ്ങളില്‍ കുട്ടികള്‍ ഇവിടെ എത്താറുണ്ട്. വിദ്യാലയത്തിലെ പരിപാടികള്‍ക്കു പുറമെ പഞ്ചായത്തുമായി ബന്ധപ്പെട്ട ക്യാമ്പുകളും പൊതുപരിപാടികളും നടക്കാറുള്ളതും ഈ ഓഡിറ്റോറിയത്തിലാണ്. പുതുക്കാട് മണ്ഡലം ആസ്‌തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 52 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച ഓഡിറ്റോറിയമാണിത്.
പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയത് 2023ലാണ്. കോസ്‌റ്റ് ഫോര്‍ഡിനായിരുന്നു നിര്‍മാണ ചുമതല. ഓഡിറ്റോറിയത്തിൻ്റെ ജി.ഐ ഷീറ്റുമേഞ്ഞ മേല്‍ക്കൂരയില്‍ നേരത്തെ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് കോസ്‌റ്റ് ഫോര്‍ഡ് പ്രതിനിധികളെത്തി ചോര്‍ച്ച പരിഹരിക്കുകയും ചെയ്‌തിരുന്നു.
മഴ ശക്തമായതോടെയാണ് വീണ്ടും ചോർച്ച രൂപപ്പെട്ടത്. അതുകൊണ്ടാണ് സീലിങ് അടര്‍ന്നുവീഴാന്‍ കാരണമായതെന്നാണ് സംശയം. വാർഡ് മെമ്പറും പഞ്ചായത്ത് അധികാരികളും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്‌ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍. പൊളിച്ചുമാറ്റിയ സ്‌കൂള്‍ കെടിടങ്ങള്‍ പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. അണ്‍ എയ്‌ഡഡ് സ്‌കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫിസര്‍, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ ചേര്‍ന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.