വിഷ്ണുവിൻ്റെ തിരോധാനം: മുംബൈയിൽ പരിശോധിച്ചത് 1500 ക്യാമറ
കോഴിക്കോട്: കേരളത്തിലേക്ക് വരും വഴി കാണാതായി എന്ന് വീട്ടുകാര്‍ പരാതി നല്‍കിയ സൈനികന്‍ വിഷ്ണുവിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സഹായമായത് എടിഎം ഇടപാട്. ഇന്ത്യന്‍ ആര്‍മിയുടെ ശമ്പള ദിവസമായ ഇന്നലെ വിഷ്ണു ബെംഗ്‌ളൂരുവിലെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചിരുന്നു. ഈ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ അന്വേഷണസംഘം കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് മാത്രമായിരുന്നു വിഷ്ണുവിന്റെ പ്രശ്‌നമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐ മുഹമ്മദ് സിയാദ് പറഞ്ഞു.
വിഷ്ണുവിനെ അന്വേഷിച്ച് പൂനെ ക്യാമ്പില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് മികച്ച അഭിപ്രായമായിരുന്നു. ഇന്ത്യക്ക് വേണ്ടി മെഡല്‍ വാങ്ങാന്‍ സാധ്യതയുള്ള, സൗമ്യ സ്വഭാവമുള്ള, കഴിവുള്ളയാളാണ് വിഷ്ണുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മുഹമ്മദ് സിയാദ് പറഞ്ഞു.
വിഷ്ണു ഇതിനകം എടുത്ത ലോണ്‍ ഉണ്ടായിരുന്നു. അതിന്റെ അടവ് ശമ്പളത്തില്‍ നിന്നും പിടിക്കുന്നുണ്ട്. കല്ല്യാണവുമായി ബന്ധപ്പെട്ട് വീട്ടില്‍ ചെറിയ പണികള്‍ നടക്കുന്നുണ്ട്. അതിനുള്ള തുക കൈയ്യില്‍ ഉണ്ടായിരുന്നില്ല. പണമില്ലാതെ വീട്ടിലേക്ക് വരാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് വരാതിരുന്നതെന്നും എസ്‌ഐ വിശദീകരിച്ചു.