പൗരത്വം തെളിയിക്കേണ്ടി വരില്ല; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെയും മുസ്‌ലിം സംഘടനകളുടെയും നേതൃത്വത്തിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര സർക്കാർ. നിയമത്തിൽ മുസ്‌ലിംകൾക്ക് ആശങ്ക വേണ്ടെന്നു കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ മുസ്‌ലിംകൾക്ക് തുല്യാവകാശമുണ്ടെന്നും പുതിയ നിയമത്തിന്‍റെ പേരിൽ രാജ്യത്തെ ഒരു പൗരനും പൗരത്വം തെളിയിക്കേണ്ടിവരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കാൻ വേണ്ടി മാത്രമാണ് സിഎഎ. ഇസ്‌ലാം സമാധാനത്തിന്‍റെ മതമാണെങ്കിലും ഈ മൂന്നു മുസ്‌ലിം രാജ്യങ്ങളിലും ന്യൂനപക്ഷങ്ങൾക്കു നേരേയുണ്ടായ മതപീഡനം മൂലം ലോകമൊട്ടാകെ ഇസ്‌ലാമിന്‍റെ പേരിനു കളങ്കമുണ്ടായി. മതപീഡനത്തിന്‍റെ പേരിൽ കളങ്കപ്പെടുന്നതിൽ നിന്ന് ഇസ്‌ലാമിനെ സംരക്ഷിക്കുന്ന നിയമമാണിത്. മതപീഡനം മൂലം മൂന്നു രാജ്യങ്ങളിൽ നിന്നെത്തിയ അമുസ്‌ലിംകൾക്ക് പൗരത്വം ലഭിക്കാൻ 11 വർഷം വേണമെന്ന വ്യവസ്ഥ അഞ്ചു വർഷമാക്കി കുറയ്ക്കുക മാത്രമാണുണ്ടായതെന്നും കേന്ദ്രം വിശദീകരിച്ചു.