സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസുകൾ നടത്താം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസുകൾ നടത്താൻ ഹൈക്കോടതിയുടെ അനുമതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് ഹൈക്കോടതി അനുമതി നൽകിയത്.
സംസ്ഥാനത്ത് കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ചു കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരേ കേരള സിബിഎസ്ഇ മാനേജ്മെന്‍റ് അസോസിയേഷനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വേനലവധി ക്ലാസുകൾ നടത്താനാവില്ല. ആവശ്യമെങ്കിൽ സർക്കാരിനു പ്രത്യേക ഉത്തരവിറക്കി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ക്ലാസുകൾ നടത്താമെന്നും കോടതി വ്യക്തമാക്കി.
എൽപി ക്ലാസുകൾ മുതൽ ഹയർസെക്കൻഡറി ക്ലാസുകൾ വരെയുള്ള സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകളിലും വേനലവധി സമ്പൂർണമായി നിരോധിച്ചുകൊണ്ടായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ്.വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കാത്ത പക്ഷം സ്കൂളുകൾ ജൂണിലെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.