CBSE പത്താംതരം ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്നതിന് ആലോചന

0

ന്യൂഡല്‍ഹി: 2026 മുതല്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്നത് സംബന്ധിച്ച കരട് നയത്തിന് സിബിഎസ്ഇ അംഗീകാരം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.കരട് നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും സിബിഎസ്‌ഇ അധികൃതര്‍ അറിയിച്ചു. അടുത്തമാസം ഒന്‍പത് വരെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരവുമുണ്ട്. പിന്നീട് ഇത് പരിശോധിച്ച് ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും സിബിഎസ്‌ഇ വ്യക്തമാക്കി.

ഇപ്പോഴത്തെ കരട് നയപ്രകാരം പരീക്ഷയുടെ ആദ്യഘട്ടം ഫെബ്രുവരി പതിനേഴ് മുതല്‍ മാര്‍ച്ച് ആറ് വരെ നടത്തും. രണ്ടാം ഘട്ടം മെയ്‌ അഞ്ചു മുതല്‍ 20 വരെ ആയിരിക്കുമെന്നും കരടില്‍ പറയുന്നു.

രണ്ട് പരീക്ഷകളും പൂര്‍ണ സിലബസ് അനുസരിച്ചായിരിക്കും പരീക്ഷ നടത്തുക. രണ്ട് ഘട്ട പരീക്ഷകള്‍ക്കും കുട്ടികള്‍ക്ക് ഒരേ പരീക്ഷാ കേന്ദ്രം തന്നെയാകും അനുവദിക്കുക. പരീക്ഷാഫീസില്‍ നേരിയ വര്‍ദ്ധനയുണ്ടാകും. അപേക്ഷ നല്‍കുന്ന സമയത്ത് തന്നെ രണ്ട് ഘട്ട പരീക്ഷകള്‍ക്കും വേണ്ടിയുള്ള ഫീസ് വാങ്ങുമെന്നും ബോര്‍ഡിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.കുട്ടികള്‍ക്ക് ഒരുഘട്ട പരീക്ഷ പ്രധാന പരീക്ഷയായി നടത്തുമ്പോള്‍ രണ്ടാമത്തേത് കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നേടാനായി വേണമെങ്കില്‍ എഴുതാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ-രണ്ടാം ഘട്ട ബോര്‍ഡ് പരീക്ഷകള്‍ സപ്ലിമെന്‍ററി പരീക്ഷകളായും കണക്കാക്കാം. അതേസമയം പ്രത്യേക പരീക്ഷകള്‍ ഒരു സാഹചര്യത്തിലും നടത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ബോര്‍ഡ് പരീക്ഷകളിലെ അമിത സമ്മര്‍ദ്ദം ഒഴിവാക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നു. അധ്യയന വര്‍ഷത്തില്‍ രണ്ട് തവണയായി കുട്ടികള്‍ക്ക് ബോര്‍ഡ് പരീക്ഷകള്‍ എഴുതാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പുതിയ വിദ്യാഭ്യാസ നയം പറയുന്നുണ്ട്. വെബ്‌സൈറ്റില്‍ ഉള്ള കരട് നയത്തില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം.

രണ്ട് പരീക്ഷകള്‍ക്കും വെവ്വേറെ ചോദ്യ പേപ്പറുകളായിരിക്കും. ആദ്യമായി പരീക്ഷയ്ക്ക് എത്തുന്ന കുട്ടികള്‍ക്ക് പല ആശങ്കകളുമുണ്ടാകാം. അത് കൊണ്ട് രണ്ടാമത് ഒരു അവസരം കൂടി കിട്ടുമ്പോള്‍ അവരുടെ ഭയം കുറയുന്നു. അത് കൂടുതല്‍ മാര്‍ക്ക് നേടാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്നുവെന്നും സിബിഎസ്‌ഇ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സിബിഎസ്‌ഇ ഓപ്പണ്‍ബുക്ക് പരീക്ഷാ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നു. 9,10 ക്ലാസുകളിലെ ഇംഗ്ലീഷ്‌, ഗണിതം, സയന്‍സ് എന്നീ വിഷയങ്ങളിലും 11-ാം ക്ലാസില്‍ ഇംഗ്ലീഷ്‌, ഗണിതം, ബയോളജി എന്നീ വിഷയങ്ങളുടെ പരീക്ഷകളുമാണ് ഇത്തരത്തില്‍ നടത്താന്‍ തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *