”സിബിഐ അന്വേഷണം ആവശ്യമില്ല” : ദിലീപിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണ അവസാനഘട്ടത്തിലായിരിക്കെ കേസില്‍ സി ബി ഐ ആവശ്യമില്ല എന്ന വിലയിരുത്തലിലാണ് കോടതി.
ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് നേരത്തെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നവെങ്കിലും ഇത് കോടതി തള്ളുകയായിരന്നു. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് ദിലീപിന്‍റെ ഹര്‍ജി നേരത്തെ സിംഗിള്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. തുടര്‍ന്നാണ് 2019 ല്‍ ദിലീപ് വീണ്ടും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിലെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും പ്രൊസിക്യൂഷന്‍റെ വാദം അവസാനിച്ചുവെന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സി.ബി.ഐ അന്വേഷണ ആവശ്യം കഴിഞ്ഞ ആറ് വര്‍ഷം പ്രതി താല്‍പര്യത്തോടെ ഉന്നയിച്ചില്ലെന്നും പ്രൊസിക്യൂഷന്‍ കുറ്റപ്പെടുത്തിയിരുന്നു. സിബിഐ അന്വേഷണ ആവശ്യത്തിലെ അപ്പീല്‍ മനപൂര്‍വ്വം നീട്ടിക്കൊണ്ട് പോവുകയാണെന്നുമാണ് പ്രൊസിക്യൂഷന്‍ ഉയര്‍ത്തിയ വാദം.
സുതാര്യവും പക്ഷാപാത രഹിതവുമായ അന്വേഷണം നടക്കാന്‍ സിബി ഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്നാണ് കോടതിയുടെ നീരീക്ഷണം. ഈ ഘട്ടത്തിലാണ് ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്‌താഖ്, പി.കൃഷ്‌ണകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് (ഏപ്രില്‍ 7) അന്തിമവാദം കേട്ടത്.
നടിയെ ആക്രമിച്ച കേസിന്‍റെ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അവസാനഘട്ടത്തിലാണ്. അന്തിമവാദം പൂര്‍ത്തിയാക്കി ജൂണില്‍ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.