സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണം -കെ സുരേന്ദ്രന്‍
തിരുവനന്തപുരം:സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
അമ്പലങ്ങളില്‍ ഷര്‍ട്ട് ഇടണോ വേണ്ടയോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കേണ്ട പ്രശ്‌നമാണല്ലോ അതെന്നും അദ്ദേഹം പറഞ്ഞു.അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന സൂചനയും സുരേന്ദ്രൻ നൽകി . എല്ലാകാലവും പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ ആകില്ല. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. പുതിയ ആളുകള്‍ക്ക് എക്കാലവും അവസരം നല്‍കിയിട്ടുണ്ട് ഇനിയും അത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.