പേഴ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് 11 വയസുകാരൻ്റെ കൈകൾ കത്തിച്ച കേസ് : പ്രതിക്ക് 20 വർഷം കഠിനതടവ്

തിരുവനന്തപുരം: ബന്ധുവിൻ്റെ പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് 11 വയസുകാരൻ്റെ കൈകൾ കെട്ടി മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. കുളത്തൂർ, പൊഴിയൂർ സ്വദേശി ജോർജ് ടൈറ്റസിനെയാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി എംപി ഷിബു ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പേഴ്സ് കുളിക്കടവിൽ വച്ച് കാണാതായത് കുട്ടിയാണ് എടുത്തതെന്ന് ജോർജ് ടൈറ്റസ് സംശയിച്ചു. തുടർന്ന് കുട്ടിയുടെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു.
പ്രതിയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുമ്പോൾ പ്രതിയും അവരോടൊപ്പം കൂടി. ആശുപത്രിയിലെ ഡോക്ടറോട് മണ്ണെണ്ണ വിളക്ക് മറിഞ്ഞാണ് പൊള്ളലേറ്റതെന്ന് പറഞ്ഞ് രേഖപ്പെടുത്തിക്കുകയും ചെയ്തു.യഥാർഥ സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അതിനാൽ കുട്ടിയും വീട്ടുകാരും ഭയം കാരണം യഥാർഥ സംഭവം പുറത്തുപറഞ്ഞില്ല. നാല് മാസത്തോളം കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 70 ദിവസത്തിന് ശേഷം കുട്ടിയുടെ അമ്മ വീട്ടിലേക്ക് പോയ സമയത്ത് അടുത്ത് കിടന്ന രോഗിയോട് കുട്ടി യഥാർഥ സംഭവം വെളിപ്പെടുത്തി. തുടർന്ന് ആ രോഗി ചൈൽഡ് ലൈനിൽ അറിയിച്ചതോടെയാണ് കേസ് റിപ്പോർട്ട് ചെയ്തത്.കുട്ടിക്ക് ഇപ്പോഴും രണ്ട് കൈകളും നിവർത്താൻ സാധിക്കില്ല. മുഖത്തും നെഞ്ചിലും പൊള്ളലേറ്റു വികൃതമായി. അതിസമ്പന്നനായ പ്രതിയുടെ ഭീഷണി തരണം ചെയ്താണ് കുട്ടി കോടതിയിൽ മൊഴി നൽകിയത്. പാറശ്ശാല പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന ബി ഗോപകുമാർ, എസ് ചന്ദ്രകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ തെളിവിൽ അക്കമിട്ട് രേഖപ്പെടുത്തുകയും ചെയ്തു.അതിക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും അതിസമ്പന്നതയും ദാരിദ്ര്യവും ഭയവുമാണ് കേസ് റിപ്പോർട്ട് ചെയ്യാൻ വൈകാൻ കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെകെ അജിത്ത് പ്രസാദ്, അഭിഭാഷകയായ ബിന്ദു വിസി എന്നിവർ ഹാജരായി.