എട്ട് വര്‍ഷം : നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍ വഴികള്‍
കൊച്ചി: കൊച്ചിയില്‍ നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയാന്‍ പരിഗണിക്കുമ്പോള്‍ പൂര്‍ത്തിയാകുന്നത് കേരളം കണ്ട സമാനതകളില്ലാത്ത നിമയ പോരാട്ടമാണ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് കേസില്‍ വിധി പറയുന്നത്. സിനിമ മേഖലയ്ക്ക് പുറത്ത് കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കും സുപ്രീം കോടതി വരെ പലവട്ടം എത്തിയ നിയമ പോരാട്ടത്തിനും ശേഷമാണ് ഇന്ന് കേസ് വിധിപറയാനായി പരിഗണിക്കുന്നത്.
കേസിന്റെ നാള്‍ വഴികള്‍
2017 ഫെബ്രുവരി 17: നടി ആക്രമിക്കപ്പെട്ട ദിവസം
മലയാള സിനിമയെയും സമൂഹത്തെയും ഞെട്ടിച്ച് കേരളത്തില്‍ യുവ നടി ആക്രമിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവരുന്നു.
ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള നടിയുടെ യാത്രയ്ക്കിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. പള്‍സര്‍ സുനിയെന്ന് അറിയപ്പെടുന്ന സുനില്‍ എന്‍.എസാണ് കേസിലെ ഒന്നാം പ്രതി.
2017 ഫെബ്രുവരി 19: കൊച്ചിയില്‍ സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മ
നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊച്ചിയില്‍ സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മ. കേസില്‍ ഗൂഡാലോചന ഉണ്ടെന്ന ആരോപണം ആദ്യമായി ഉയരുന്നു. ഇതേദിവസം തന്നെ, ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ കോയമ്പത്തൂരില്‍ പൊലീസിന്റെ പിടിയിലാകുന്നു.
2017 ഫെബ്രുവരി 23 : പള്‍സര്‍ സുനി പിടിയില്‍
മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെത്തിയ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിമുറിയില്‍നിന്നു ബലം പ്രയോഗിച്ചു പൊലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ന്നുള്ള ദിവസങ്ങളിലാണ് ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പ്രമുഖ നടനായ ദിലീപിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.
2017 ജൂണ്‍ 28: ദിലീപിനെ പോലീസ് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യല്‍ 13 മണിക്കൂറാണ് നീണ്ടുപോയത്. കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്.
2017 ജൂലൈ 10 : ദിലീപ് അറസ്റ്റില്‍
നടന്‍ ദിലീപ് അറസ്റ്റിലായി. പിന്നാലെ പള്‍സര്‍ സുനി, ദിലീപിന് എന്നിവര്‍ ഉള്‍പ്പെടെ മേല്‍ ഗുരുതര വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പത്ത് പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയുമാണ്. കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുത്ത് പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.
2017 ഒക്ടോബര്‍ 3: ദിലീപിന് ജാമ്യം
85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദിലീപിന് കേരള ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പിന്നാലെ ജയില്‍ മോചനം.
2018 ഫെബ്രുവരി 25: കേസില്‍ അന്നത്തെ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി വിചാരണ നടപടികള്‍ക്കായി നിയമിച്ചു.
2018 മാര്‍ച്ച് 8-ന്: വിചാരണ തുടങ്ങുന്നു
വിചാരണ വേളയില്‍ കേസിനെ വാര്‍ത്തകളില്‍ നിറഞ്ഞത് സാക്ഷികളുടെ മൊഴിമാറ്റമായിരുന്നു. കേസില്‍ ഉണ്ടായിരുന്ന 261 സാക്ഷികളില്‍ മിക്കവരും കോടതിയില്‍ മൊഴിമാറ്റി. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലിരിക്കെ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.
2019 നവംബര്‍ 29 : സുപ്രീം കോടതി ഇടപെടല്‍
ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി.
2020 നവംബര്‍ 20: ജഡ്ജിക്കെതിരെ ആരോപണം
ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പിന്നാലെ ആദ്യം ചുമതലപ്പെടുത്തിയ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറി.
2021 നവംബര്‍ 25 : സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍
വിചാരണ അവസാനിക്കാറായ സമയത്താണ് 2021 ഡിസംബര്‍ 25 ന് കേസിലെ നിര്‍ണായകമായ ഒരു വഴിത്തിരിവായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ തുറന്നു പറച്ചില്‍ പുറത്തുവരുന്നത്. ദിലീപിനെതിരെ പല വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി.
2022 ജനുവരി 4: തുടരന്വേഷണം
ബാലചന്ദ്രകുമാറിന്റെ മൊഴിക്ക് നിയമപരമായ സാധുതയുണ്ടെന്ന് കണ്ടെത്തിയതോടെ, കോടതി കൂടുതല്‍ അന്വേഷണത്തിന് അനുമതി നല്‍കി. പിന്നാലെ പോലീസ് തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ദിലീപിനും സഹോദരന്‍ അനൂപ് അടക്കമുള്ള മറ്റ് പ്രതികള്‍ക്കുമെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിചാരണ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണം പ്രഖ്യാപിച്ചത് വലിയ നിയമപോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കി.
2024 സെപ്റ്റംബര്‍ 17: പള്‍സര്‍ സുനിക്ക് ജാമ്യം
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.
2024 ഡിസംബര്‍ 11: കേസിലെ അന്തിമവാദത്തിന് തുടക്കം.
2025 ഏപ്രില്‍ 9: പ്രതിഭാഗം വാദം പൂര്‍ത്തിയാക്കി
