കേസ് ഒതുക്കാന്‍ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’; സുജിത്തിന്റെ വെളിപ്പെടുത്തല്‍

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ക്രൂരമര്‍ദ്ദന കേസ് ഒതുക്കാന്‍ പൊലീസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ കൂടുതല്‍ പണം വേണമെങ്കിലും നല്‍കി കേസ് സെറ്റില്‍ ചെയ്യാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വഴി സൂചിപ്പിച്ചിരുന്നതായും സുജിത് പറയുന്നു. നേരിട്ടും ഇടനിലക്കാര്‍ വഴിയുമാണ് സ്വാധീനം ചെലുത്താന്‍ ശ്രമിച്ചത്.പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വര്‍ഗീസിനെയും പൊലീസ് ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നതായും യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ വി എസ് സുജിത്ത് പറഞ്ഞു. പണം വാദ്ഗാനം ചെയ്തപ്പോള്‍ നിയമവഴിയില്‍ കാണാമെന്ന് തിരിച്ചു പറഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്തിരിയുകയായിരുന്നുവെന്നും സുജിത് പറഞ്ഞു. കേസില്‍ പ്രതികളാക്കപ്പെട്ട നാലുപേര്‍ക്ക് പുറമെ, അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈര്‍ കൂടി തന്നെ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത് കൂട്ടിച്ചേര്‍ത്തു.
റവന്യൂ വകുപ്പിലാണ് സുഹൈര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. തന്നെ മര്‍ദ്ദിച്ച അഞ്ചുപേര്‍ക്കെതിരെയും നടപടി വേണമെന്നും സുജിത് ആവശ്യപ്പെടുന്നു. 2023 ഏപ്രില്‍ അഞ്ചിനാണ്, യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തിനെ പൊലീസുകാര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ചത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്.