എഴുത്തുകാരുടെ സംഗമവേദിയായി മാറിയ ‘കവിതയുടെ കാർണിവലിന്’ സമാപനം
ചെമ്പൂര്‍- സാഹിത്യ ചര്‍ച്ചാവേദിയും പുലിസ്റ്റര്‍ ബുക്‌സും സംയുക്തമായി മുംബൈ ആദര്‍ശ വിദ്യാലയത്തില്‍ ‘കവിതയുടെ കാര്‍ണിവല്‍ ‘ സംഘടിപ്പിച്ചു.രണ്ടുദിവസം നീണ്ടുനിന്ന കാർണിവൽ പ്രശസ്‌ത കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ കണക്കൂര്‍ സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ഇന്‍ഡോ- ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഡോ. ജേക്കബ് ഐസക്ക് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പ്രിയ വര്‍ഗ്ഗീസ്, എൻ പി വാസുനായര്‍, രാമകൃഷ്ണന്‍ പാലക്കാട്, വേലായുധ മാരാര്‍, തുളസി മണിയാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രബന്ധങ്ങളുടെ അവതരണം, മറാഠി മലയാളി സംയുക്ത കവിയരങ്ങ് എന്നിവ നടന്നു. സുധ ജിതേന്ദ്രന്‍, സന്തോഷ് പല്ലശ്ശന, സലി കെ എസ്, അമ്പിളി കൃഷ്ണകുമാര്‍ എന്നിവര്‍ സമകാലിക മലയാള കവിത എന്ന വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രവീണ്‍ ധമാലെ, വിജയ് ജോഷി, ജയന്ത് കുല്‍ക്കര്‍ണി, വീണ തുടങ്ങിയവര്‍ മറാഠിയിലും, ടി കെ മുരളീധരന്‍, രമ പിഷാരടി എന്നിവര്‍ മലയാളത്തിലും കവിതകള്‍ അവതരിപ്പിച്ചു.
ഡോ. ജേക്കബ്ബ് ഐസക്കിന്റെ കവിതകളെ കുറിച്ചുള്ള ചര്‍ച്ച നടന്നു. എം ജി അരുണ്‍, നിഷ ഗില്‍ബര്‍ട്ട്, സഞ്ജയ്, മാത്യു തോമസ്, രാമകൃഷ്ണന്‍ പാലക്കാട്, രമ പ്രസന്ന പിഷാരടി, അനില്‍ മിത്രാനന്ദപുരം തുടങ്ങിയ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഉണ്ണി ചങ്കത്ത് നന്ദി പറഞ്ഞു.
രണ്ടാം ദിവസം രാവിലെ മുതല്‍ നടന്ന കവിയരങ്ങില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 30 എഴുത്തുകാര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സെബാസ്റ്റ്യന്‍, ബി ജോസുകുട്ടി, രാജേശ്വരി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ചകള്‍ നടന്നു. അവതരിപ്പിച്ച കവിതകളാണ് വിവിധ പാനലിസ്റ്റുകള്‍ ചര്‍ച്ച ചെയ്തത്.
കണക്കൂര്‍ സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ സുരേന്ദ്രബാബു, കെ പി വിനയന്‍ തുടങ്ങി നിരവധിപേര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
കാർണിവലിനോടനുബന്ധിച്ചു നടത്തിയ ചെറുകഥാമത്സരത്തിൽ വിജയിയായ ഹൈദരാബാദിൽ നിന്നുള്ള കവി ജി അനില്‍കുമാറിന് ഇ ഐ എസ് തിലകന്‍ സ്മാരക പുരസ്‌കാരം നല്‍കി അനുമോദിച്ചു . കാര്‍ണിവലിന്റെ കോഡിനേറ്റര്‍ തുളസി മണിയാര്‍ നന്ദി പറഞ്ഞു.