പരിശീലകനെ പുറത്താക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം; മാഞ്ചസ്റ്റർ സിറ്റി, ചെൽസി തോറ്റു
ലണ്ടൻ∙ പരിശീലകനെ പുറത്താക്കിയതിനെ തുടർന്ന് താൽക്കാലിക പരിശീലകൻ റൂഡ്‌വാൻ നിസ്റ്റൽറൂയിക്ക് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, കരബാവോ കപ്പിൽ തകർപ്പൻ വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ. ലെസ്റ്റർ സിറ്റിയെ 5–2നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തത്. കാസമിറോ (15, 39), ബ്രൂണോ ഫെർണാണ്ടസ് (36, 59) എന്നിവരുടെ ഇരട്ടഗോളും ഗർനാച്ചോയുടെ (28) ഗോളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ലെസ്റ്റർ സിറ്റിയുടെ ഗോളുകൾ ബിലാൽ എൽ ഖന്നൂസ് (33), കോണർ കോഡി (45+3) എന്നിവർ നേടി.
കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ടോട്ടനം ഹോട്സ്പറും ക്വാർട്ടറിൽ കടന്നു. 2–1നാണ് ടോട്ടനത്തിന്റെ വിജയം. തിമോ വെർണർ (5–ാം മിനിറ്റ്), പെപെ സാർ (25) എന്നിവർ ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. മാഞ്ചസ്റ്റർ സിറ്റിയുടെ ആശ്വാസഗോൾ ആദ്യപകുതിയുടെ ഇൻജറി ടൈമിൽ മാത്യൂസ് ന്യൂനസ് നേടി.
മറ്റു മത്സരങ്ങളിൽ ലിവർപൂൾ ബ്രൈട്ടനെയും (3–1), ക്രിസ്റ്റൽ പാലസ് ആസ്റ്റൺ വില്ലയെയും (2–1), ന്യൂകാസിൽ യുണൈറ്റഡ് ചെൽസിയെയും (2–0), ആർസനൽ പ്രിസ്റ്റൺ നോർത്ത് എൻഡിനെയും (3–0) തോൽപ്പിച്ചു.
∙ ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ
ക്വാർട്ടറിൽ ടോട്ടനം ഹോട്സ്പറും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലാണ് മത്സരം. നിലവിലെ ചാംപ്യൻമാരായ ലിവർപൂൾ സതാംപ്ടണെയും ആർസനൽ ക്രിസ്റ്റൽ പാലസിനെയും നേരിടും. ന്യൂകാസിലിന് ബ്രെന്റ്ഫോർഡാണ് എതിരാളികൾ. ഡിസംബറിലാണ് ക്വാർട്ടർ മത്സരങ്ങൾ