വാഹനം മറികടന്നതിലെ തർക്കം : അമ്മയേയും മകളേയും കാറിടിച്ചു കൊലപ്പെടുത്തി!
ലാത്തൂർ : ബൈക്ക് അപകടത്തിൽ മരിച്ചു എന്നു ബന്ധുക്കൾ കരുതിയ സംഭവം കാറിടിച്ച് കൊലപ്പെട്ടുത്തിയാണെന്ന് തെളിഞ്ഞു .പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. സെപറ്റംബർ 29 ന് നടന്ന സംഭവമാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഗൃഹനാഥന് ബോധം തെളിഞ്ഞപ്പോൾ ഹീനമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
സംഭവം നടന്നത് മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് .സെപ്തംബർ 29 ന് വൈകുന്നേരം, ഷെയ്ഖ്, ഭാര്യ ഇഖ്റ (24), അവരുടെ ആറ് വയസ്സുള്ള മകൻ അഹദ്, മൂന്ന് വയസ്സുള്ള മകൾ നാദിയ എന്നിവരോടൊപ്പം 20 കിലോമീറ്റർ അകലെയുള്ള ഔസയിലുള്ള തൻ്റെ സഹോദരിയെ സന്ദർശിച്ച് മടങ്ങുമ്പോഴാണ് കൊലപാതകം നടക്കുന്നത് . ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ മുന്നിലേക്ക് അപകടകരമായ രീതിയിൽ കാറോടിച്ചു വന്നവരുമായി ഷെയ്ക്ക് നടത്തിയ ചെറിയ തർക്കമാണ് പിന്നീട്പ്ര കൊലയിലേക്ക് നയിച്ച പ്രതികാരമായി മാറിയത് .
കുടുംബം സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്ന് അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച കാർ ബോധപൂർവം ശക്തമായി ബൈക്കിലിടിക്കയായിരുന്നു എന്ന് പോലീസിൻ്റെ എഫ്‌ഐആറിൽ പറയുന്നു . കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്നും വർഗ്ഗീയ പരാമർശങ്ങളും ആക്ഷേപവും വിളിച്ചുപറഞ്ഞാണ് ബൈക്കിനെ പിന്തുടർന്നിരുന്നത് എന്നും ഷെയ്ക്ക് പോലീസിനെ അറിയിച്ചിട്ടുണ്ട്. റോഡിൽ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെയ്ഖിൻ്റെ ഭാര്യ ഇഖ്റ യും മൂന്ന്വയസ്സുകാരിയായ മകളും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു . മറ്റുള്ളവർ ലാത്തൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
അഞ്ച് പ്രതികളായ ദിഗംഭർ പണ്ഡോലെ, കൃഷ്ണ വാഗ്, ബസ്വരാജ് ധോത്രേ, മനോജ് മാനെ, മുദാമെ എന്നിവരെ സംഭവത്തിന് തൊട്ടുപിന്നാലെ പ്രദേശവാസികൾ പിടികൂടി. കുടുംബത്തിന് മേൽ ബോധപൂർവം കാർ ഓടിച്ചുകയറ്റിയതാണ് എന്ന്പ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതികളിൽ ഒരാൾ സമ്മതിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.
ഗുരുതരമായ കുറ്റങ്ങൾ ചുമത്താൻ പോലീസ് ആദ്യം വിമുഖത കാട്ടിയെന്നും സംഭവത്തെ സാധാരണ അപകടമാക്കിമാറ്റാൻ ശ്രമിക്കുകയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബവും അഭിഭാഷകരും ആരോപിച്ചു. മത വിശ്വാസത്തിൻ്റെ പേരിലാണ് തങ്ങളെ ലക്ഷ്യം വെച്ചതെന്ന് കുടുംബം ഉറപ്പിച്ചു പറഞ്ഞിട്ടും, പോലീസ് അതിനെ നിസ്സാരവത്കരിക്കാൻ ശ്രമിച്ചതായി ഷെയ്ക്കിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചു.സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷം ഒക്ടോബർ 1 നാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ച് പ്രതികളെയും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതായും അവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഇതിൽ മതപരമായ ഒന്നുമില്ലെന്നും എസ്‌പി സോമയ് മുണ്ടെ അറിയിച്ചു.