നിയന്ത്രണം വിട്ടകാർ റേഷൻകടയിലേക്ക് ഇടിച്ചു കയറി അപകടം

ശാസ്താംകോട്ട : നിയന്ത്രണം വിട്ടകാർ റേഷൻകടയിലേക്ക് ഇടിച്ചു കയറി. സാധനം വാങ്ങാൻ വന്ന പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കോയിവിള പുല്ലിക്കാട്ട് ജംഗ്ഷനിൽ ആണ് വൈകുന്നേരം 4:30യുടെ അപകടം നടന്നത്. കോയിവിള ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് സമീപത്ത് ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനുശേഷം, റേഷൻ കടയ്ക്ക് മുന്നിൽ വെച്ചിരുന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച് റേഷൻ കടയിലേക്ക് ഇടിച്ചു കയറിയത്.
റേഷൻ കടയിൽ സാധനം വാങ്ങാൻ എത്തിയ സമീപവാസിയായ പെൺകുട്ടി വാഹനം പാർക്ക് ചെയ്തു റേഷൻകടയുടെ പടിയിലേക്ക് കയറിയ ഉടനെയാണ് അപകടം സംഭവിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച കാർ പോസ്റ്റ് തകർത്തതിന് ശേഷമാണ് സ്കൂട്ടറിൽ ഇടിച്ച് കടയിലേക്ക് കയറിയത്. ശബ്ദം കേട്ട് പെൺകുട്ടി ഓടി മാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റും, സ്കൂട്ടറും തകർന്നു. കെഎസ്ഇബി അധികൃതർ ഉടൻതന്നെ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സംഭവം അറിഞ്ഞു തെക്കുംഭാഗം പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.