കളമശേരി ഗവ. പോളിടെക്‌നിക്ക്‌ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട :മൂന്നുപേർ പിടിയിൽ

0

എറണാകുളം :കൊച്ചി കളമശേരി ഗവ. പോളിടെക്‌നിക്കിലിൻ്റെ ഹോസ്റ്റലില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങള്‍ക്കായി ആൺകുട്ടികളുടെ ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഹോസ്റ്റലിൽ എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം മാധ്യമങ്ങളോട് പറഞ്ഞു..7 മണിക്കൂർ നീണ്ടുനിന്ന
പൊലീസിന്റെയും ഡാന്‍സാഫിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

ഇന്നലെ രാത്രി 9 മണിക്കാണ് പോലീസ് പരിശോധന തുടങ്ങിയത് .കസ്റ്റഡിയിലെടുത്ത് മൂന്ന് പേര്‍ കളമശേരി പൊലീസ് സ്റ്റേഷനിലാണ്. എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്.
കൂടുതല്‍ പ്രതികള്‍ കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. ഇന്നലെ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചിലും നടത്തുന്നുണ്ട്.

വളരെ ഗൗരവത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നതെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന വിലയിരുത്തല്‍ ഇല്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ക്യാമ്പസുകളില്‍ ലഹരി തുടച്ചു മാറ്റേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ വലിയൊരു പോരാട്ടത്തിന് കെ എസ് യു തുടക്കം കുറിച്ചു കഴിഞ്ഞു. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ഞങ്ങളുടെ ക്യാമ്പസ് ജാഗരണ്‍ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള വിഷമകരമായ വാര്‍ത്ത ശ്രദ്ധയില്‍പെടുന്നത്. ഇതില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ ഞങ്ങള്‍ എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുകയാണ് – അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *