കഞ്ചാവ് കേസ് : എംഎൽഎ പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി

ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പ്രതിഭയുടെ മകൻ കനിവിന്റെ പേരില്ല. 9 പേരായിരുന്നു കേസിൽ പ്രതി ചേർക്കപ്പെട്ടത്. നിലവിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല എന്നാണ് എക്സൈസ് പറയുന്നത്.
ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി.
പിന്നാലെ കേസിന്റെ എഫ്ഐആർ ഉൾപ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു.