“മനസ്സിൽ വരുന്ന നേതാക്കളുടെ മുഖങ്ങളിൽ നിന്നും ഒരു അര വിഎസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാവുമോ?”: ജോയ്‌മാത്യു

മിമിക്രി താരങ്ങൾക്ക് ശബ്‌ദാനുകരണകലയിൽ ഏറ്റവും കൂടുതൽ സംതൃപ്‌തി നൽകികൊണ്ടിരുന്ന രണ്ടു പ്രധാന രണ്ട് രാഷ്ട്രീയനേതാക്കളാണ് അന്തരിച്ച മുൻമുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയും ,വിഎസ് .അച്യുതാനന്ദനും. ഇവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഏറ്റവും കൂടുതൽ വേദികളിൽ പല മിമിക്രിക്കാരും ആഘോഷമാക്കിയ രണ്ട് ശബ്ദങ്ങളാണ് ഇരുവരുടേതും .സദസ്സിൽ നിന്ന് ഏറ്റവും കൂടുതൽ കൈയ്യടി ഇവർക്ക് ലഭിക്കുന്നതും ഈ രണ്ടുനേതാക്കളുടെ രൂപവും ഭാവവും ശബ്ദവും അനുകരിക്കുമ്പോൾ ആയിരിക്കും.
അങ്ങനെ ഏറ്റവും കൂടുതൽ വേദികളിൽ വിഎസ്സിനെ അനുകരിച്ച് കയ്യടിനേടിയൊരു കലാകാരനാണ് മനോജ്
ഗിന്നസ് .കമ്മ്യൂണിസ്‌റ്റ് നേതാക്കളില്‍ തനിക്ക് ഏറ്റവും പ്രിയപ്പട്ട നേതാവാണ് വിഎസ് എന്നാണ് മനോജ് പറയുന്നത്. “എന്നെ അനുകരിക്കുന്നതില്‍ താങ്കളെയാണ് എനിക്കേറെ ഇഷ്‌ടമെന്ന് “വിഎസ് പറഞ്ഞ വാക്കുകളാണ് തനിക്ക് ഏറ്റവും അധികം അഭിമാനം സമ്മാനിച്ചിട്ടുള്ളതെന്നും മനോജ് പറയുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു മനോജ് ഗിന്നസിന്‍റെ പ്രതികരണം. വിഎസ്സിനെ നേരില്‍ കാണാന്‍ സാധിച്ചതായും നടന്‍ പറഞ്ഞു.
“പ്രിയ സഖാവിന് വിട.. ഏഷ്യാനെറ്റ് സിനിമാലയിൽ ആദ്യമായി സഖാവിന്‍റെ രൂപ സാദൃശ്യം ഞാൻ അവതരിപ്പിച്ചു. ലോക മലയാളികൾ അത് ഏറ്റുവാങ്ങി, ഒരിക്കൽ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്‍റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു, “എന്നെ അനുകരിക്കുനതിൽ താങ്കളെ ആണ് എനിക്ക് ഏറെ ഇഷ്‌ടം എന്ന്.അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്. പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു, “എന്നെ അനുകരിക്കുന്നതിൽ താങ്കൾക്ക് എന്തു കിട്ടുമെന്ന്. ഞാൻ പറഞ്ഞു, 2500 രൂപ കിട്ടുമെന്ന്. “അപ്പോൾ എനിക്കത്രയേ വിലയൊള്ളോ” എന്ന് പറഞ്ഞു ചിരിച്ചു.ഇഷ്‌ടപ്പെട്ട കമ്മ്യൂണിസ്‌റ്റ് നേതാക്കളിൽ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസ്സിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ”, മനോജ് ഗിന്നസ് കുറിച്ചു.
“കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചു .പോരാട്ടങ്ങളുടെ -ചെറുത്ത് നില്പുകളുടെ –
നീതിബോധത്തിന്റെ -ജനകീയതയുടെ ആൾരൂപം ,അതായിരുന്നു വി എസ് .ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നു .ജനനേതാവേ വിട” – എന്ന നടനും സംവിധായകനുമായ ജോയ് മാത്യുവിൻ്റെ അനുസ്മരണപോസ്റ്റിലെ “കമ്മ്യൂണിസത്തിന്റെ അവസാന മാതൃക” എന്ന പ്രയോഗം പല പാർട്ടിപ്രവർത്തകരേയും ചൊടിപ്പിച്ചപ്പോൾ അദ്ദേഹം അതിന് മറുപടിയായി വീണ്ടും സാമൂഹ്യമാധ്യമത്തിൽ വന്നിരിക്കയാണ്
“അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതിൽ മനം നൊന്തും അമർഷിച്ചും വെകിളിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടു .എന്നാൽ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല.പ്രിയ വായനക്കാരാ നിങ്ങളുടെ മനസ്സിൽ വരുന്ന നേതാക്കളുടെ മുഖങ്ങളിൽ നിന്നും ‘ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരൻ ‘എന്ന് പറയാവുന്ന ഒരാളെയെങ്കിലും -എന്തിനു ഒരു അര വി എസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാവുമോ?അങ്ങിനെയെങ്കിൽ ഞാൻ എന്റെ മുൻ പോസ്റ്റ് ഫ്രീയായി പിൻവലിക്കുന്നതാണ് “
ജോയ് മാത്യുവിൻ്റെ ഈ പ്രതികരണവും ചൂടേറിയ വാദപ്രതിവാദത്തിലേക്ക് വഴിമാറിയിരിക്കയാണ്.