ക്യാംപ് കഴിഞ്ഞു, നെഞ്ചിൽ തീയുമായി അവർ മടങ്ങി;‘നന്മനിറഞ്ഞ മനുഷ്യർക്ക് സ്നേഹം നിറഞ്ഞ നന്ദി’

0

മേപ്പാടി∙ ‘നാടിനെ ബാധിച്ച മഹാദുരന്തത്തിൽ ഞങ്ങൾക്കെ‍ാപ്പം നിന്ന ഈ സ്കൂളും ഇവിടെയുള്ള നന്മനിറഞ്ഞ കുറേ മനുഷ്യരോടും ഒറ്റ വാക്കിൽ നന്ദി പറഞ്ഞാൽ തീരില്ല, എങ്കിലും ഒരുപാട് സ്നേഹം നിറഞ്ഞ നന്ദി’ – മേപ്പാടി അരപ്പറ്റ സിഎംഎസ് സ്കൂളിലെ ബോർഡിൽ ആരോ കുറിച്ചിട്ടതാണ് ഈ വരികൾ. ഉരുൾപെ‍ാട്ടലിൽ താങ്ങും തണലുമായിനിന്നവർക്ക്, സ്കൂളിലെ ക്യാംപിൽനിന്നു മടങ്ങുമ്പോൾ നന്ദി പറഞ്ഞ് എഴുതിയ വരികൾ. ദുരന്തം അതിന്റെ പൂർണതയിൽ സംഭവിച്ച ഇടമാണു ചൂരൽമലയും മുണ്ടക്കൈയും. എഴുന്നൂറോളം കുടുംബങ്ങളാണ് ദുരന്തബാധിതരായത്. 17 കുടുംബങ്ങൾ പൂർണമായും ഇല്ലാതായി. മരണമായിരുന്നു ഭേദം എന്നു കരുതുന്നവരാണു ജീവിച്ചിരിക്കുന്നവരിൽ പലരും. ഒരു രാത്രി വെളുത്തപ്പോൾ ജീവനും ഉടുതുണിയും മാത്രം ബാക്കിയായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നവർ. ആയിരത്തിയഞ്ഞൂറോളം പേരാണു വിവിധ ക്യാംപുകളിലായി കഴിഞ്ഞത്. അവരൊക്കെയും പല ഭാഗങ്ങളിലേക്കായി വാടക വീടുകളിലേക്ക് മാറി. മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ക്യാംപും അടച്ചു.

അരപ്പറ്റ സിഎംഎസ് സ്കൂളിലെ ക്യാംപിൽ 73ൽ അധികം കുടുംബങ്ങളിൽനിന്നുള്ള നൂറ്റൻപതോളം പേരാണുണ്ടായിരുന്നത്. ദുരന്തമുണ്ടായതിനു പിന്നാലെ ആരംഭിച്ച ക്യാംപ് 20 ദിവസത്തിലേറെയാണു പ്രവർത്തിച്ചത്. ക്യാംപിലുണ്ടായിരുന്നവർ വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കുമെല്ലാം മാറിയതോടെ കഴിഞ്ഞ ദിവസം ഇവിടുത്തെ ക്യാംപ് അവസാനിച്ചിരുന്നു. അവസാന ആളും ക്യാംപ് വിടാനൊരുങ്ങവെയാണു ക്ലാസ് മുറിയിലെ ബോർഡിൽ ഇത്തരത്തിൽ എഴുതിയിട്ടു മടങ്ങിയത്. തുല്യദുഃഖിതരായ ഒരു പറ്റം ആളുകൾക്കൊപ്പം നിന്നവർ ഇപ്പോൾ തനിച്ചായി. എന്തിനും ഏതിനും ഏതു സമയത്തും വിളിച്ചാൽ ഓടിയെത്താൻ ക്യാംപിൽ ആളുണ്ടായിരുന്നു. അതിനിയില്ല. ക്യാംപിൽ ലഭിച്ച സ്നേഹത്തിന് അവർക്ക് ഒറ്റവാക്കിലേ നന്ദി പറയാൻ സാധിക്കുമായിരുന്നുള്ളു. സംസാരിക്കാൻ വാക്കുകൾ പോലും കിട്ടാത്തവരാണ് അവരിൽ പലരും.

ക്യാംപ് കഴിഞ്ഞു, നെഞ്ചിൽ തീയുമായി അവർ മടങ്ങിജനിച്ചുവളർന്ന നാട്ടിൽനിന്നും അവർ ചിതറിക്കപ്പെട്ടു, പല ദേശങ്ങളിലേക്കായി. മേപ്പാടിയിലും പരിസരത്തുമായി താമസിക്കാൻ വീടന്വേഷിച്ചു മടുത്തവർ ഒടുക്കം കിട്ടിയ വീടുകളിലേക്കു പോകുകയായിരുന്നു. അമ്പലവയൽ, മുട്ടിൽ, കൽപറ്റ, ചുണ്ടേൽ, വൈത്തിരി, വടുവഞ്ചാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആളുകളെ മാറ്റിയത്. ചിലർ ബന്ധുവീടുകളിലേക്കു മാറി. ചുരുക്കം ചിലർക്കു മാത്രമേ മേപ്പാടിയിലും പരിസരങ്ങളിലും വീട് കണ്ടെത്താൻ സാധിച്ചുള്ളു. ദീർഘകാലം സ്കൂളിൽ ആളുകളെ പാർപ്പിക്കുക എന്നത് അപ്രായോഗികമായതിനാൽ എത്രയും പെട്ടെന്ന് വീടുകൾ കണ്ടെത്തി ഇവരെ മാറ്റുകയായിരുന്നു. യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെ ആളുകൾ കിട്ടിയ സ്ഥലത്തേക്കു മാറി.

താമസിക്കാൻ ഇടം കിട്ടിയെന്നല്ലാതെ ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഇവർക്ക് അറിയില്ല. ദുരിതത്തിലായവരിൽ ഭൂരിഭാഗവും ഹാരിസൺസ് മലയാളം ലിമിറ്റഡ് തേയില എസ്റ്റേറ്റിലെ പണിക്കാരാണ്. ബാക്കിയുള്ളവരും ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നവരാണ്. പുതിയ സ്ഥലത്തെത്തുമ്പോൾ തൊഴിലില്ല എന്നതാണ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മുട്ടിലിൽനിന്നും അമ്പലവയലിൽനിന്നും ദിവസവും ചൂരൽമലയും മുണ്ടക്കൈയിലുമെത്തി എസ്റ്റേറ്റിൽ പണി എടുക്കാൻ സാധിക്കില്ല. അതിനാൽ പുതിയ പണി കണ്ടെത്തണം. തോട്ടം തൊഴിലാളികളായ ഇവർക്കു മറ്റെന്തു പണി കിട്ടാനാണ് എന്ന ചോദ്യവും ഉയരുന്നു.

രണ്ടാമത്തെ പ്രശ്നം കുട്ടികളുടെ വിദ്യാഭ്യാസമാണ്. മുണ്ടക്കൈ, ചൂരൽമല സ്കൂളുകൾ താൽകാലികമായി മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങാനാണ് തീരുമാനം. എന്നാൽ ഈ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾ പലരും പല സ്ഥലങ്ങളിലാണ്. എൽപി, യുപി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു ദിവസവും വന്നു പോകാൻ സാധിക്കുന്ന ദൂരമല്ല ഉള്ളത്. മുട്ടിലിൽ താമസിക്കുന്ന ആളുകൾക്ക് മേപ്പാടിയിൽ എത്തണമെങ്കിൽ രണ്ടു ബസിൽ കയറി യാത്ര ചെയ്യണം. അതിനാൽ കുഞ്ഞുകുട്ടികളെ മേപ്പാടിയിലെ താൽകാലിക സ്കൂളിലേക്കു വിടാൻ സാധിക്കില്ല. താമസ സ്ഥലത്തിനടുത്തുള്ള സ്കൂളിലേക്ക് ഇവരെ മാറ്റേണ്ടി വരും. പുതിയ സ്കൂളിലേക്കു മാറേണ്ടി വരുമ്പോൾ യൂണിഫോം ഉൾപ്പെടെയുള്ള ചെലവുകൾ വേെറ. ചുരുക്കത്തിൽ വറചട്ടിയിൽനിന്ന് ഏരിതീയിലേക്കാണ് ക്യാംപിലുള്ളവർ മാറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *