അവിടെ ആപ്പ് വെച്ച് റെക്കോഡിങ് റെക്കോഡിങ് പേടിച്ച് വാട്സാപ്പിൽ ചെന്നപ്പോൾ
പത്തനംതിട്ട: സാധാരണ കോള്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ വാട്സാപ്പ് കോളിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അവിടെയും രക്ഷയില്ലെന്ന് അടുത്തിടെ പുറത്തുവരുന്ന കോള്‍ ചോര്‍ച്ചകള്‍ സാക്ഷ്യംനില്‍ക്കുന്നു. സാധാരണ കോളുകള്‍ റെക്കോഡ് ചെയ്യുന്നതില്‍ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് വാട്സാപ്പ് കോളുകള്‍ റെക്കോഡ് ചെയ്യാനുള്ള മൊബൈല്‍ ആപ്പുകള്‍ പ്രചരിക്കുന്നതിന്റെ കാരണം.
വാട്സാപ്പ് കോളുകള്‍ ആപ്പുകള്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്നത് നിയന്ത്രിക്കാന്‍ ട്രായ് പോലുള്ള സംവിധാനങ്ങള്‍ക്ക് അധികാരവുമില്ല. സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുള്ള ഐ.ടി. നിയമമാണ് റെക്കോഡ് ചെയ്യപ്പെട്ടു എന്ന പരാതിയുള്ള ആളിന് ആശ്രയിക്കാവുന്ന സംവിധാനം. എന്നാല്‍ കോള്‍ റെക്കോഡ് ചെയ്യുകയാണ് എന്ന സൂചന നല്‍കാനുള്ള സംവിധാനം ഇല്ലെന്നതാണ് പലരെയും കെണിയില്‍പ്പെടുത്തുന്നത്.
റെക്കോഡിങ് പാടില്ലെന്നത് വിദേശത്തെ പലരാജ്യങ്ങളും നടപ്പാക്കിയ നിയമമാണ്. ഇത് ഇന്ത്യയില്‍ നടപ്പാക്കാന്‍ വൈകി. അതാണ് പഴയ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന കോളുകള്‍ റെക്കോഡ്‌ചെയ്താലും വിളിക്കുന്നയാള്‍ അറിയാതെപോവുന്നത്.
എന്നാല്‍ ട്രായ് നിര്‍ദേശം കര്‍ശനമായതോടെ പുതിയ ഫോണുകള്‍ റെക്കോഡിങ് മുന്നറിയിപ്പ് സൗകര്യത്തോടെ മാത്രം പുറത്തിറങ്ങി. എങ്കിലും ഒരുകമ്പനിയുടെ ഒരു ഉന്നത ശ്രേണി ഫോണ്‍ ഇറങ്ങിയത് സന്ദേശം കേള്‍പ്പിക്കാതെയുള്ള റെക്കോഡിങ് സൗകര്യത്തോടെയായിരുന്നു. അത് പിടിക്കപ്പെട്ടു. അതേ ഫോണിന്റെ അടുത്തതലമുറ ഇറങ്ങിയപ്പോള്‍ റെക്കോഡ് ചെയ്യുന്നു എന്ന സന്ദേശം കേള്‍പ്പിക്കേണ്ടിവന്നു.
സന്ദേശത്തെ ഒതുക്കുന്നതരത്തിലുള്ള ഫീച്ചറുകളും പുത്തന്‍ തലമുറ ഫോണുകളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ‘നിങ്ങളുടെ കോള്‍ റെക്കോഡ് ചെയ്യപ്പെടുന്നു’ എന്ന് ഇംഗ്ലീഷിലുള്ള സന്ദേശത്തിന് പകരം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ചെറിയൊരു ബീപ് ശബ്ദം കേള്‍പ്പിക്കുന്ന സംവിധാനമാണത്.