സിഎഎ : കേന്ദ്രത്തിനും കോൺഗ്രസിനുമെതിരെ മുഖ്യമന്ത്രി

കോഴിക്കോട്: ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. മനുസ്മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന് ആര്‍എസ്എസ് നിലപാടാണ് ഇതിന് പിന്നിൽ. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കുന്നതാണ് സംഘപരിവാര്‍ സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻപും ഭരണം കിട്ടിയപ്പോൾ ആർഎസ്എസ് ഇതേ അജണ്ട നടപ്പാക്കാൻ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോൾ ചെയ്യുന്നത്. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യം. ഇത് മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണ്. ഈ ഒരു വേർതിരിവ് കൊണ്ടുവരുന്നത് കൊണ്ട് ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ കുറ്റക്കാരാവുകയാണ്. അതിനാലാമ് ഐക്യരാഷ്ട്ര സഭയ്ക്ക് ഈ നിയമത്തിനെതിരെ രംഗത്ത് വരേണ്ടി വന്നത്. പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പോലും നിയമത്തിന് എതിരായി നിലപാടെടുത്തു. ഇതോടെ നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത നിലപാട് എടുക്കുന്ന രാജ്യമായി ഇന്ത്യയെ വിദേശ രാജ്യങ്ങൾ കാണുന്നു. പൗരത്വ നിയമത്തിൽ പല ഭേദഗതികളും മുൻപ് വന്നിട്ടുണ്ട്. അന്നൊന്നും പൗരത്വത്തിന് മതം അടിസ്ഥാനമായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അനധികൃത കുടിയേറ്റക്കാർ എന്ന വാക്ക് ആദ്യം ഭേദഗതിയിൽ ഉപയോഗിച്ചത് വാജ്പേയ് സര്‍ക്കാരായിരുന്നു. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം കൊണ്ടു നടക്കുന്നവരാണ് സംഘപരിവാർ. മൗലികാവകാശം ഹനിക്കുന്ന നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമില്ല. നിയമത്തിന് മുന്നിൽ തുല്യത ഭരണഘടന ഉറപ്പ് നൽകുന്നതാണ്. ഭരണഘടന പൗരന് മാത്രമല്ല എല്ലാ വ്യക്തികൾക്കും ആണ് പരിരക്ഷ ഉറപ്പ് നൽകിയത്. മതപരമായ വിവേചനം ഭരണഘടന അംഗീകരിക്കുന്നില്ല. കുടിയേറിയവരെ മുസ്ലീങ്ങൾ എന്നും അമുസ്ലിം എന്നും വിഭജിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. മതപരമായ വിവേചനത്തെ നിയമപരമാക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് സിഎഎ. ഭരണഘടനയുടെ അടിത്തറ തോണ്ടുന്ന ഒന്നാണ് സിഎഎ. ഇതും എൻആര്‍സിയുമൊന്നും കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇതിൽ സര്‍ക്കാര്‍ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്താണ് നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.