പിവി അൻവറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറം: പിവി അൻവറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവര്‍ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.എം സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്ത് തന്നെ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
എം സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥിത്വം നാട് സ്വീകരിച്ചതിൽ ആശ്ചര്യമില്ല. ക്ലീൻ ഇമേജ് നിലനിര്‍ത്തുന്നയാളാണ് സ്വരാജ്. അഭിമാനത്തോടെ, തല ഉയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിന്‍റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചതിക്ക് ഇരയായതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നൽകുക, പിന്നെ മറക്കുക എന്ന രീതി എൽഡിഎഫിനില്ലെന്നും ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.