ബൈജു രവീന്ദ്രന് ലുക്ക് ഇഡിയുടെ ഔട്ട് നോട്ടീസ്
കൊച്ചി: എഡ്-ടെക് സ്ഥാപനമായ ബൈജൂസിന്‍റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ (ഇഡി) നോട്ടീസ്. കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകൾ നൽകിയ കേസിൽ അനുകൂല വിധി നേടി ഒരു ദിവസം പിന്നിടുമ്പോഴാണ് ബൈജുവിന് ഇഡി കുരുക്കിട്ടത്.വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ. 43 കാരനായ സംരംഭകനെതിരെ കേന്ദ്ര ഏജൻസി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബൈജൂസിനെതിരേ ഇഡിഅന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചത് സംബന്ധിച്ച അന്വേഷണമാണ് ഇഡിയുടെ ബംഗളൂരു ഓഫിസ് ബൈജൂസിനെതിരേ നടത്തുന്നത്.
2011 മുതൽ 2023 വരെ ബൈജൂസ് ആപ്പിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി 28,000 കോടിയാണ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇഡി നൽകുന്ന വിവരങ്ങൾ. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് 9,754 കോടി രൂപ കമ്പനി നിക്ഷേപിച്ചതായും കണ്ടെത്തി. വിദേശത്തേക്ക് അയച്ചതിൽ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും വേണ്ടി ചെലവഴിച്ച 944 കോടി രൂപയും ഉൾപ്പെടുന്നുണ്ട്. 2020 -21 സാമ്പത്തിക വർഷം മുതൽ കൈവശം സൂക്ഷിക്കേണ്ട സാമ്പത്തിക രേഖകൾ കമ്പനി തയാറാക്കിയിട്ടില്ലെന്നും നിയമപരമായി പാലിക്കേണ്ട അക്കൗണ്ട് ഓഡിറ്റിങ് നടത്തിയിട്ടില്ലെന്നും ഇഡി പരിശോധനയിൽ കണ്ടെത്തിയിരുന്നു.