ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും: വി ഡി സതീശന്‍

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിനുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്നും വി ഡി സതീശന്‍ അറിയിച്ചു. സര്‍ക്കാരിനെതിരായ ജനങ്ങളുടെ എതിര്‍പ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
പി വി അന്‍വര്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അന്‍വര്‍ തങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫിന് ഇത് വരെ കിട്ടാത്ത വോട്ട് ലഭിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ അടക്കം ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. സിപിഐഎമ്മിന് തീവ്ര വലത് പക്ഷ നിലപാട് ആണ്. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടി അല്ലെന്നാണ് സിപിഐഎം പറയുന്നു. ഇത് പറയുന്ന ഇന്ത്യയിലെ ഏക പ്രതിപക്ഷ പാര്‍ട്ടി ആണ് സിപിഐഎം എന്നും വി ഡി സതീശന്‍ പറഞ്ഞു.