യുപിയിൽ വ്യവസായിയെ ഫ്ലാറ്റിന്റെ അടിയിൽ കുഴിച്ചിട്ടു, മുൻ പോലീസുകാരൻ പിടിയിൽ
ലഖ്നോ : ഉത്തർപ്രദേശിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ പ്രതി പിടിയിൽ. ഗ്രേറ്റർ നോയിഡയിലെ വ്യവസായിയായ അങ്കുഷ് ശർമയെ കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് കോൺസ്റ്റബിൾ പ്രവീൺ ആണ് അറസ്റ്റിലായത്. ശർമയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകി 13-ാം ദിവസമാണ് പ്രതിയെ പിടികൂടിയത്. മോഹൻലാലിന്റെ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പായ അജയ്ദേവ്ഗൺ അഭിനയിച്ച ദൃശ്യവും മറ്റ് ക്രൈം സീരീസുകളും കണ്ടാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത് എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
ഒരു വ്യക്തി മുഖേനയാണ് അങ്കുഷ് ശർമയെ പ്രവീൺ ആദ്യമായി പരിചയപ്പെട്ടതെന്നും തന്റെ ഫ്ലാറ്റ് വിൽക്കാൻ വ്യവസായി തീരുമാനിച്ചിരുന്നതായും ഗ്രേറ്റർ നോയിഡ ഡി.സി.പി സാദ് മിയ ഖാൻ പറഞ്ഞു. ‘1.20 കോടിക്ക് ഫ്ലാറ്റ് വിൽക്കാനുള്ള കരാറിൽ ഇരുവരും ധാരണയായി. ആദ്യഗഡുവായി എട്ട് ലക്ഷം രൂപ അങ്കുഷിന് പ്രവീൺ നൽകി. എന്നാൽ ഫ്ലാറ്റിന്റെ മതിപ്പുവില നേരത്തേ ഉറപ്പിച്ച തുകയേക്കാളും കൂടുതലുണ്ടെന്ന് അങ്കുഷിന് പിന്നീട് ബോധ്യമായതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു.
ഇതിൽ പ്രകോപിതനായ പ്രവീൺ അങ്കുഷിനെ കൊല്ലാൻ പദ്ധതിയിട്ടു. ഫ്ലാറ്റിന്റെ ബാക്കി പണം നൽകാമെന്ന് പറഞ്ഞ് അങ്കുഷിനെ അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് പ്രവീൺ ഓഗസ്റ്റ് ഒമ്പതിനാണ് കൂട്ടിക്കൊണ്ടുപോയത്. വിൽപന ഉറപ്പിച്ച അങ്കുഷിന്റെ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ ഇരുന്ന് ഇരുവരും മദ്യപിച്ചു. തുടർന്ന് പ്രവീൺ അങ്കുഷിന്റെ തലയിൽ ചുറ്റികകൊണ്ട് അടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രിതന്നെ അങ്കുഷിന്റെ മൃതദേഹം ഇതേസ്ഥലത്ത് പ്രവീൺ കുഴിച്ചിട്ടു.
പിന്നീട് വ്യവസായിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരിഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടേയും മറ്റ് മറ്റ് രഹസ്യവിവരങ്ങളുടേയും അടിസ്ഥാനത്തിൽ പ്രവീണിലേക്ക് പോലീസ് എത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ചത് എവിടെയാണെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. കൃത്യത്തിന് ഉപയോഗിച്ച ചുറ്റികയും ഒരു കാറും പോലീസ് കണ്ടെടുത്തു, ഡി.സി.പി വ്യക്തമാക്കി.