യു.എസിൽ നിന്ന് ആശ്വാസം: സെൻസെക്‌സിൽ 1000 പോയന്റ് കുതിപ്പ്, നേട്ടത്തിന് പിന്നിൽ കാരണങ്ങൾ
ആഗോള വിപണികളിലെ മുന്നേറ്റം നേട്മക്കി രാജ്യത്തെ സൂചികകള്‍. സെന്‍സെക്‌സ് 1000 പോയന്റ് ഉയര്‍ന്നു. യുഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളാണ് വിപണിക്ക് തുണയായത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികയായ യുഎസിലെ മാന്ദ്യഭീതി അകന്നതോടെയാണ് വിപണികള്‍ നേട്ടം തിരികെപിടിച്ചത്.വിപണി കുതിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 4.15 ലക്ഷം കോടി ഉയര്‍ന്ന് 448.44 ലക്ഷം കോടിയിലെത്തി.
സെന്‍സെക്‌സ് 1000 പോയന്റ് ഉയര്‍ന്ന് 80,117ലും നിഫ്റ്റി 274 പോയന്റ് നേട്ടത്തില്‍ 24,418ലുമെത്തി. സെന്‍സെക്‌സ് ഓഹരികളില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയും നേട്ടത്തിലാണ്. യുഎസിലെ ആശ്വാസം നേട്ടമാക്കി രാജ്യത്തെ ഐടി ഓഹരികള്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു.
നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍
യുഎസിലെ പണപ്പെരുപ്പ നിരക്കിലെ കുറവാണ് പ്രധാനമായും വിപണി നേട്ടമാക്കിയത്. വരാനിരിക്കുന്ന ഫെഡ് യോഗത്തില്‍ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ ഇതോടെ സജീവമായി. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്താനും ആഗോളതലത്തില്‍ വിപണികളിലെ നേട്ടത്തിനും ഇത് സഹായകരമായി.വാള്‍സ്ട്രീറ്റിലെ പ്രധാന സൂചികകള്‍ ഉയര്‍ന്ന നിലവാരത്തിലായിരുന്നു വ്യാഴാഴ്ച ക്ലോസ് ചെയ്തത്.
നാസ്ദാക്ക് സൂചികയിലെ നേട്ടം രണ്ട് ശതമാനമാണ്. യുഎസിലെ സാമ്പത്തിക കണക്കുകള്‍ മാന്ദ്യഭീതിക്ക് തടയിട്ടതാണ് നാസ്ദാക്കില്‍ പ്രതിഫലിച്ചത്. യുഎസ് വിപണിയിലെ അനുകൂല വികാരം ആഗോള വിപണികളിലേക്കും പ്രവഹിച്ചു.ഡോളര്‍ സൂചിക 103 നിലവാരത്തിന് താഴെയെത്തിയത് ഏഷ്യന്‍ വിപണികള്‍ നേട്ടമാക്കി.ഇതോടെ വികസ്വര വിപണികളിലെ നിക്ഷേപം കൂടുതല്‍ ആകര്‍ഷകമായി.
യുഎസ് ഓഹരികളിലെ റാലി രാജ്യത്തെ ഐടി കമ്പനികള്‍ നേട്ടമാക്കി. നിഫ്റ്റി ഐടി സൂചിക 1.7 ശതമാനം ഉയര്‍ന്നു. എംഫസിസ്, എല്‍ടിടിഎസ്, വിപ്രോ, ടിസിഎസ് എന്നീ ഓഹരികള്‍ അഞ്ച് ശതമാനംവരെ ഉയര്‍ന്നു. യുഎസിലെ സമീപകാല സ്ഥിതിവിവരക്കണക്കുകള്‍ അനുകൂലമായതോടെയാണ് ഐടി കമ്പനികള്‍ കുതിച്ചത്.