ബസ് മോഷ്ടിച്ചു; രാത്രിയാത്രയ്ക്ക് വാഹനമില്ല,മുൻ ഡ്രൈവർ കുന്നംകുളത്ത് പിടിയിൽ
കുന്നംകുളം∙ പുലർച്ചെ യാത്ര പോകാൻ വഴിയില്ലാതെ വന്നതോടെ ബസ് മോഷ്ടിച്ചു കൊണ്ടുപോയി മുൻ ഡ്രൈവർ. തൃശൂർ കുന്നംകുളത്താണ് വിചിത്രമായ മോഷണം നടന്നത്. സംഭവത്തിൽ ബസിന്റെ മുൻ ഡ്രൈവർ ഷംനാദിനെ കുന്നംകുളം പൊലീസ് പിടികൂടി. ബസ് പിന്നീട് ഗുരുവായൂരിൽനിന്ന് കണ്ടെത്തി.ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കുന്നംകുളം പുതിയ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷണം പോയത്. കുന്നംകുളം – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ഷോണി’ ബസ്, പുലർച്ചെ 4.10ന് മോഷ്ടാവ് ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ പഴയ ബസ് സ്റ്റാന്റിലെ സിസിടിവി കാമറയിലും 4.19ന് ചാട്ടുകുളത്തെ സിസിടിവി കാമറയിലും പതിഞ്ഞിരുന്നു.
രാവിലെ ബസ് എടുക്കുന്നതിനായി സ്റ്റാന്റിൽ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം ഉടമ മനസ്സിലാക്കുന്നത്. വൈകാതെ കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം എസ്എച്ച്ഒ യു.കെ.ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബസ് ഗുരുവായൂർ ഭാഗത്തേക്ക് പോയതായി മനസ്സിലാക്കി. പിന്നാലെ ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തുകയായിരുന്നു.ബസിന്റെ മുൻ ഡ്രൈവർ ഷംനാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ യാത്ര പോകാൻ മാർഗമില്ലാത്തതിനാൽ ബസ് ഓടിച്ചു കൊണ്ടുപോകുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.