ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം: അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ നിർണായക തെളിവായ ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ക്യാമറ ഉള്ള 4 ഫാസ്റ്റ് പാസഞ്ചര്‍ തമ്പാനൂര്‍ ഡിപ്പോയില്‍ ഇന്നുണ്ട്. ബാക്കി 3 ബസുകളിലും മെമ്മറി കാര്‍ഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാര്‍ഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയതായും ഗണേഷ് കുമാര്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയിലാണ് സിസിടിവിയിലെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് കണ്ടെത്തിയത്. 3 ക്യാമറകളാണ് ബസിനുളളിലുളളത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ യദു പ്രതികരിച്ചത്. എന്നാൽ തെളിവ് ശേഖരിക്കുന്നെത്തിയപ്പോൾ ദൃശ്യങ്ങളില്ല. തൃശൂരിലേക്ക് ട്രിപ്പ് പോയ ശേഷം ബസ് ഇന്നു തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് കാണാനില്ലെന്ന് മനസിലാക്കുന്നത്.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകും. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.