എടപ്പാളിൽ വിദ്യാർഥിനിയുടെ മുഖത്തടിച്ച കണ്ടക്ടർ അറസ്റ്റിൽ
മലപ്പുറം:സ്വകാര്യ ബസ്സിൽ സീറ്റിൽ ഇരുന്നതിന് വിദ്യാർഥിനിയുടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത് ബസ് കണ്ടക്ടർ അറസ്റ്റിൽ.കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്സ് ബസിലെ കണ്ടക്ടർ കോഴിക്കോട് മാങ്കാവ് സ്വദേശി പറമ്പിൽ ഷുഹൈബിനെ (26) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
പെരുമ്പിലാവിലെ കോളജിൽ മൂന്നാം വർഷ ജേണലിസം വിദ്യാർഥിനിയായ കൂടല്ലൂർ മണ്ണിയം പെരുമ്പലം സ്വദേശിയെ ആണ് മർദിച്ചത്.എടപ്പാളിൽ നിന്നു പെരുമ്പിലാവിലേക്ക് പോകാനായി ബിസിൽ കയറിയ ഇവർ ഒഴിവുള്ള സീറ്റിൽ ഇരുന്ന സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടർ എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു.ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ കണ്ടക്ടർ വിദ്യാർഥിനിയുടെ കാലിൽ ചവിട്ടുകയും,മുഖത്ത് അടിക്കുകയുമരുന്നു.
തുടർന്ന് വിദ്യാർഥിനി അധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി.പിന്നീട് ചങ്ങരംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.