വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി: മോഷണമാണെന്ന് സംശയം
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളി സ്വകാര്യ സ്കൂളിൽ ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. 30ന് അധ്യാപകർ ഒരു വിദ്യാർത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകൾ ലഭിച്ചത്. ഇത് പോലീസിനെ കൈമാറി. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ മറ്റൊരു വിദ്യാർഥി റോഡിൽനിന്ന് കളഞ്ഞു കിട്ടിയതാണെന്ന് പറഞ്ഞ് ഒരു വെടിയുണ്ട തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. സുഹൃത്തിന്റെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയതോടെ ഭയന്ന് ഈ വിദ്യാർത്ഥി തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിൽ എത്തി വെടിയുണ്ട ഏൽപ്പിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്. രണ്ടു വിദ്യാർത്ഥികളുടെയും ബന്ധുവായ വിമുക്തഭടന്റെ പക്കൽ നിന്ന് വെടിയുണ്ടകൾ മോഷ്ടിച്ചതാവാം എന്നാണ് പോലീസ് നിഗമനം. വെടിയുണ്ടകൾ പോലീസ് കോടതിയിലേക്ക് കൈമാറി.ഇത് ഫോറൻസിക് ബാലിസ്റ്റിക് എക്സ്പോർട്ട് വിഭാഗത്തിന് കൈമാറും.
