അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്
അബുദാബി : 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകൾക്ക് 16 ശതമാനവുമാണ് ശരാശരി വർധനയെങ്കിലും ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. അതേസമയം, ആവശ്യക്കാരുടെ എണ്ണവും വർഷത്തിൽ 9% വീതം കൂടുന്നുണ്ട്. ആവശ്യത്തിന് ആനുപാതികമായി കെട്ടിടങ്ങൾ ലഭ്യമല്ല എന്നതും വിലക്കയറ്റത്തിന് കാരണമാണ്.എമിറേറ്റിലെ പ്രധാന സ്ഥലങ്ങളായ യാസ് ദ്വീപ്, സാദിയാത്ത് ദ്വീപ് എന്നിവിടങ്ങളിലാണ് വിലവർധന. സാദിയാത്ത് ദ്വീപിലെ വില്ലകളിൽ 14 ശതമാനവും യാസ് ദ്വീപിൽ 13 ശതമാനവും അൽ റീഫ് വില്ലകളിൽ 8 ശതമാനവും വാടക വർധിച്ചു. അപ്പാർട്മെന്റ് വിഭാഗത്തിൽ യാസ് ദ്വീപിൽ 15 ശതമാനവും സാദിയാത്തിൽ 14 ശതമാനവും റീം ദ്വീപിൽ 12 ശതമാനവും വർധനയുണ്ടായി.
ഈ വർഷം രണ്ടാം പാദത്തിൽ നഗരത്തിന്റെ ഇതരഭാഗങ്ങളിൽ ശരാശരി അപ്പാർട്മെന്റ് വാടക 6.6% ഉയർന്നപ്പോൾ വില്ല വാടക 2.5% വർധിച്ചു. എമിറേറ്റിൽ 2 കിടപ്പുമുറിയുള്ള അപ്പാർട്മെന്റിന് ശരാശരി വാർഷിക വാടക 66,500 ദിർഹമാണ്, വില്ലകൾക്ക് 1,66,500.അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ ഓഗസ്റ്റിൽ പുറത്തുവിട്ട വാടക സൂചിക പ്രകാരം നിശ്ചിത ഏരിയകളിൽ പരമാവധി 30% വരെ വർധിപ്പിക്കാനാണ് അനുമതി. വിപണി മൂല്യത്തെക്കാൾ വളരെ കുറഞ്ഞ വാടക ഈടാക്കുന്ന പ്രദേശത്ത് പുതുതായി ഫ്ലാറ്റ് വാടകയ്ക്കെടുക്കുന്നവർ വൻതുക നൽകേണ്ടി വന്നേക്കും. നിലവിലുള്ള വാടക കരാറുകാർക്ക് വർഷത്തിൽ കുറഞ്ഞത് 5000 മുതൽ 50,000 ദിർഹം വരെ അധികം നൽകേണ്ടിവരാം.