താൽക്കാലിക പാലം നിർമിക്കാൻ 100 അംഗ പട്ടാള സംഘം

0

മേപ്പാടി : മുണ്ടക്കൈ ഭാഗത്തേക്കുള്ള താൽക്കാലിക പാലത്തിന്റെ നിർമാണം വൈകീട്ടോടെ പൂർത്തിയാക്കാനാകുമെന്ന് മന്ത്രി കെ. രാജൻ മനോരമ ഓൺലൈനോട് പറഞ്ഞു. പാലം നിർമാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്ന് 100 അംഗ പട്ടാള സംഘം ഉടൻ പുറപ്പെടും. പാലം നിർമാണത്തിനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്നായിരിക്കും കൊണ്ടു വരിക. ഇത് ഉച്ചയ്ക്ക് എത്തിക്കുന്നതോടെ താൽക്കാലിക പാലം നിർമാണം വേഗത്തിലാക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പാലം നിർമിച്ചാൽ മാത്രമേ ജെസിബികൾക്കും ഹിറ്റാച്ചിക‍ൾക്കും ദുരന്ത മേഖലയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. പാലം നിർമാണം തുടങ്ങിയാൽ 4 – 5 മണിക്കുറുകൾക്കുള്ളിൽ പട്ടാളത്തിന് അത് പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി രാജൻ അറിയിച്ചു. രണ്ടു ടീമുകളായി തിരിഞ്ഞാണ് നിലവിൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരയണമെങ്കിൽ ജെസിബികൾ എത്തിക്കണം. അതിനാലാണ് താൽക്കാലിക പാലം നിർമാണത്തിന് പ്രാമുഖ്യം കൊടുക്കുന്നത്. നിലവിൽ സൈന്യം, പൊലീസ്, അഗ്നിശമന സേന, എൻഡിആർഎഫ് എന്നിവരുടെ സംയുക്ത സംഘങ്ങളാണ് നാലു ടീമുകളായി തിരിഞ്ഞ് ദുരന്തമേഖലയിൽ തിരച്ചിൽ നടത്തുന്നത്. ചില ടീമുകൾക്കൊപ്പം ആരോഗ്യ വകുപ്പിന്റെ സംഘം കൂടി പോയിട്ടുണ്ട്. അടിയന്തര വൈദ്യ സഹായമടക്കം നൽകേണ്ട ഘട്ടത്തിലാണ് ആരോഗ്യവകുപ്പ് സംഘം കൂടി തിരച്ചിൽ സംഘത്തിനൊപ്പം പുറപ്പെട്ടിരിക്കുന്നത്.

ഇതുവരെ ആരൊക്കെ നഷ്ടപ്പെട്ടുവെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. നിലവിലെ കണക്കനുസരിച്ച് 95 പേരെ കാണാതായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാണാതായവരുടെ കണക്കുകൾ കൃത്യമായി ലഭിക്കണമെങ്കിൽ ആദ്യം വേണ്ടത് നിലവിൽ ക്യാംപുകളിലും ആശുപത്രികളിലും ഉള്ളവരുടെ വിവരം ശേഖരിക്കലാണ്. ഇതിനായി കുടുംബശ്രീ, റവന്യു, ആരോഗ്യവകുപ്പ്, പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുടെ സഹായം തേടിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരിൽ നിന്ന് പ്രാഥമികമായ വിവരശേഖരണം നടത്തും. തുടർന്ന് ആശുപത്രിയിൽ പരുക്കേറ്റ് കഴിയുന്നവരുടെ കണക്കും മൃതദേഹങ്ങളുടെ കണക്കുമായി ഒത്തുനോക്കും. ഇതിൽ നിന്ന് മാത്രമേ കാണാതായവരുടെ കണക്ക് തിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറയുന്നു. പ്രദേശത്ത് ഡോഗ് സ്ക്വാഡ് എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മണ്ണിനടിയിൽ പെട്ട് കിടക്കുന്ന മനുഷ്യരെ പെട്ടെന്ന് തിരിച്ചറിയാൻ ‍ഡോഗ് സ്ക്വാഡിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മാനസികമായി തകർന്നവരാണ് നിലവിൽ ക്യാംപുകളിൽ കഴിയുന്നത്. പലരും മാനസികമായി നിരാശയിലേക്ക് നീങ്ങുകയാണെന്നും ഇവർക്ക് അടിയന്തരമായി കൗൺസിലിങ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. രക്ഷപ്പെട്ടെത്തിയ കുട്ടികൾക്കടക്കം കൗൺസിലിങ് നൽകുന്ന കാര്യത്തിൽ ഉടൻ നടപടിയെടുക്കും. അതേസമയം അട്ടമലയിലെ ദുരന്തത്തിന്റെ വ്യാപ്തി വലിയതായിരിക്കാമെന്നാണ് ദൗത്യ സംഘത്തിന്റെ വിലയിരുത്തൽ. അട്ടമലയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക നിഗമനം. ഇവർക്ക് അടിയന്തര ചികിത്സാ സഹായം എത്തിക്കാൻ ആര്യോഗ്യ വകുപ്പിന്റെ സംഘം മേഖലയിലേക്ക് പോകുമെന്നും രാജൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *