മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന്
ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ഇരുസഭകളിലും ബജറ്റ് സമ്മേളനം ചേരും. ബജറ്റ് സമ്മേളനത്തിനായി ഇരുസഭകളും ചേരാൻ രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എക്സിൽ കുറിച്ചു.
സമ്പൂർണ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. ഫെബ്രുവരി 1ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇത്തവണത്തെ ബജറ്റ് ചരിത്രപരമാകുമെന്ന് നയപ്രഖ്യാപന വേളയില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് സൂചന രാഷ്‌ട്രപതി നല്‍കിയിരുന്നു.
തുടര്‍ച്ചയായ ഏഴാം തവണയാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതോടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം നിര്‍മലയ്‌ക്ക് സ്വന്തമാകും. ആറു തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ റെക്കോഡാണ് പഴങ്കഥയാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മലാ സീതാരാമന്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. 10 വർഷത്തിനു ശേഷം ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമില്ലാത്ത സർക്കാരിന്റെ ആദ്യ ബജറ്റെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്