ഇന്ത്യയ്ക്ക് പകരം ഭാരത്; ബിഎസ്എൻഎല്ലിന് പുതിയ ലോഗോ
ന്യൂഡൽഹി: ബിഎസ്എൻഎൽ പുതിയ ലോഗോ പുറത്തിറക്കി. പഴയതിൽ നിന്ന് വ്യത്യസ്തമായി ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ ലോഗോ. ‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാഗ്ലൈനു പകരം ‘കണക്ടിങ് ഭാരത്’ എന്നും പുതിയ ലോഗോയിൽ കാണാം. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുതിയ ലോഗോ പുറത്തിറക്കിയത്. രാജ്യവ്യാപകമായി 4ജി നെറ്റ്വർക്ക് ലോഞ്ചിന് മുന്നോടിയായാണ് കമ്പനിയുടെ മാറ്റങ്ങൾ.
നിലവിൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് 4ജി സേവനങ്ങൾ ലഭ്യമാകുന്നത്. കമ്പനി ഉടൻ തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ അവതരിപ്പിക്കും. ഇതോടൊപ്പം ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അനാവശ്യമായെത്തുന്ന മെസേജുകളും, തട്ടിപ്പുസന്ദേശങ്ങളും സ്വയം ഫിൽട്ടർ ചെയ്യുന്ന സ്പാം – ഫ്രീ നെറ്റ്വർക്കാണ് ഇതിലൊന്ന്.
എയർടെൽ, ജിയോ, വിഐ തുടങ്ങിയ മുൻനിര സേവനദാതാക്കൾ അവരുടെ നിരക്കുകൾ വർധിപ്പിച്ചതിനു പിന്നാലെ ബിഎസ്എൻഎൽ രാജ്യത്തുടനീളം 4ജി നെറ്റ്വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. തങ്ങളുടെ കുറഞ്ഞ നിരക്കുകൾ കാരണം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഈയിടെ രേഖപ്പെടുത്തിയത്. 2025ഓടെ രാജ്യത്തുടനീളം 4ജി റോൾഔട്ട് പൂർത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
4ജി റോൾഔട്ട് പൂർത്തിയായതിനു ശേഷം 6 മുതൽ 8 മാസത്തിനകം 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഫൈബർ ഇൻ്റർനെറ്റ് ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ ദേശീയ വൈഫൈ റോമിംഗ് സേവനവും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഹോട്ട്സ്പോട്ടുകളിൽ (വയർലെസ് ഇന്റർനെറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളിൽ) അധിക നിരക്കുകളില്ലാതെ അതിവേഗ ഇൻ്റർനെറ്റ് ആസ്വദിക്കാനാകും. ഇത് അവരുടെ ഡാറ്റാ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു