ഒടുവിൽ BSNL 5 G വരുന്നു
സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് പ്ലാന്‍ ഉയര്‍ത്തിയതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ആകൃഷ്ടരാവുകയാണ് ഒരു വിഭാഗം. രാജ്യത്ത് കൂടുതല്‍ നഗരങ്ങളിലേക്ക് ബിഎസ്എന്‍എല്ലിന്റെ 4ജി കണക്ടിവിറ്റിയും എത്തിക്കൊണ്ടിരിക്കുകയാണ്. 4ജി സേവനങ്ങളിലേക്ക് ബിഎസ്എന്‍എല്‍ മാറുന്നത് തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ്.
അടുത്തിടെ, കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബിഎസ്എന്‍എലിന്റെ 5ജി നെറ്റ് വര്‍ക്ക് വിജയകരമായി പരീക്ഷിച്ചിരുന്നു. 5ജി നെറ്റ് വര്‍ക്കില്‍ വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ബിഎസ്എന്‍എല്ലിന്റെ 5ജി വിന്യാസം ഉടന്‍ ആരംഭിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇത് വലിയ ആവേശമുയര്‍ത്തിയിട്ടുണ്ട്.
ഇതോടൊപ്പം 5ജി ലേബലോടു കൂടിയ ബിഎസ്എന്‍എല്‍ സിംകാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിന്റെ ഒരു വീഡിയോയും എക്‌സില്‍ പ്രചരിക്കുന്നുണ്ട്. ഇത് മഹാരാഷ്ട്രയിലെ ഒരു ബിഎസ്എന്‍എല്‍ ഓഫീസില്‍ ചിത്രീകരിച്ചതാണ് എന്നാണ് വിവരം.
നിലവില്‍ ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് എട്ട് ഇടങ്ങളിൽ ബിഎസ്എന്‍എല്‍ 5ജി സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. ഡല്‍ഹിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു കാമ്പസ്, ഐഐടി, സഞ്ചാര്‍ ഭവന്‍, ഹൈദരാബാദ് ഐഐടി, ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍, ബെംഗളുരുവിലെ സര്‍ക്കാര്‍ ഓഫീസ്, ഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്റര്‍ എന്നിവിടങ്ങളിലാണ് ആദ്യം 5ജി നെറ്റ് വര്‍ക്ക് പരീക്ഷിക്കുക.