ബിഎസ്എന്‍എല്‍ 4ജി കേരളത്തിലും
തിരുവനന്തപുരം : ബിഎസ്എന്‍എല്‍ 4ജി വ്യാപനം കേരളത്തിലും പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ 4ജി ആസ്വദിക്കാന്‍ ആദ്യം വേണ്ടത് കൈവശമുള്ള സിം 4ജി ആണോയെന്ന് ഉറപ്പിക്കുകയാണ്. ഇതിനായി ചെയ്യേണ്ടത് എന്താണ് എന്ന് നോക്കാം. 9497979797 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോള്‍ ചെയ്‌താല്‍ നിങ്ങളുടെ ബിഎസ്എന്‍എല്‍ സിം 4ജി ആണോയെന്ന് അറിയാനാകും. ‘ഡിയര്‍ കസ്റ്റമര്‍, യുവര്‍ കറന്‍റ് സിം സപ്പോര്‍ട്ട്‌സ് ബിഎസ്എന്‍എല്‍ 4ജി സര്‍വീസസ്’ എന്ന സന്ദേശം ഉടനടി മെസേജായി ഫോണിലേക്ക് ലഭിക്കും. ഇനി അഥവാ സിമ്മില്‍ ബിഎസ്എന്‍എല്‍ 4ജി ലഭിക്കില്ല എന്നാണെങ്കില്‍ പെട്ടെന്നുതന്നെ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. സിം അപ്‌ഗ്രേഡ് ചെയ്യാനായി ഉടന്‍ തന്നെ അടുത്തുള്ള കസ്റ്റര്‍മര്‍ സര്‍വീസ് സെന്‍റര്‍/റീട്ടെയ്‌ലര്‍ ഷോട്ട് സന്ദര്‍ശിക്കാനാണ് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബിഎസ്എന്‍എല്‍ 4ജി ഇപ്പോള്‍ നമ്മുടെ നാട്ടിലും എന്ന അറിയിപ്പും ഇതിനൊപ്പം ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറെ വൈകിയെങ്കിലും ബിഎസ്എന്‍എല്‍ 4ജി നെറ്റ്‌വര്‍ക്കിന്‍റെ വ്യാപനം പുരോഗമിക്കുകയാണ്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോൺ-ഐഡിയ (വിഐ) സ്വകാര്യ ടെലികോം കമ്പനികള്‍ 4ജി സ്ഥാപിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 4ജി ബിഎസ്എന്‍എല്‍ രാജ്യവ്യാപകമാകുന്നത്. ബിഎസ്എന്‍എല്‍ 4ജി സൈറ്റുകളുടെ എണ്ണം 25,000 പിന്നിട്ടതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ എത്ര ടവറുകള്‍ 4യിലേക്ക് മാറിക്കഴിഞ്ഞു എന്ന കൃത്യമായ കണക്ക് എന്നാല്‍ ബിഎസ്എന്‍എല്‍ പുറത്തുവിട്ടിട്ടില്ല. ഒരു ലക്ഷം 4ജി ടവറുകളാണ് കമ്പനിയുടെ ലക്ഷ്യം. ടാറ്റ ഗ്രൂപ്പും തേജസ് നെറ്റ്‌വര്‍ക്കും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള C-DoT ഉം ചേര്‍ന്നുള്ള കണ്‍സോഷ്യമാണ് ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം നടത്തുന്നത്.