പാലത്തില്‍ മദ്യപാനം: ചോദ്യം ചെയ്ത പൊലീസിനെ വളഞ്ഞിട്ട് തല്ലി സംഘം
പനങ്ങാട് : ദേശീയ പാതയില്‍ കുമ്പളം- പനങ്ങാട് പാലത്തിന് നടുവില്‍ ബെന്‍സ് കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ച സംഘം രാത്രികാല പട്രോളിങ്ങിനെത്തിയ പൊലീസിനെ ആക്രമിച്ചു. സംഘത്തിലെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ തൈക്കാട്ടുശ്ശേരി സ്വദേശികളായ വേലംവെളി വീട്ടില്‍ ഷമീര്‍, വാത്തിവീട്ടില്‍ അനൂപ്, കുമ്പളശ്ശേരി മനു, പള്ളത്തിപ്പറമ്പില്‍ വീട്ടില്‍ വര്‍ഗീസ്, അമ്പാടി കൃഷ്ണ നിവാസില്‍ ജയകൃഷ്ണന്‍, പുന്നംപൊഴി വീട്ടില്‍ കിരണ്‍ബാബു, വേലിയില്‍ വീട്ടില്‍ അജയ കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബെന്‍സ് കാര്‍ പാലത്തിന് നടുവില്‍ നിര്‍ത്തി റോഡിലും ഫുട്പാത്തിലുമായി നിന്ന് മദ്യപിക്കുന്ന സംഘത്തോട് പട്രോളിങ്ങിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കാര്‍ മാറ്റിയിടാന്‍ പറഞ്ഞു. എന്നാല്‍ കാര്‍ മാറ്റില്ലെന്ന് പറഞ്ഞ് സംഘം പൊലീസിനെ അസഭ്യം പറഞ്ഞു. വെല്ലുവിളി തുടര്‍ന്നപ്പോള്‍ കൂടുതല്‍ പൊലീസുകാര്‍ എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നേടി. അറസ്റ്റിലായ ഏഴ് പേരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്നും മദ്യകുപ്പികള്‍ പിടിച്ചെടുത്തു.