ട്രംപിൻ്റെ വ്യാപാര ചുങ്കങ്ങൾക്കെതിരെ ‘ ബ്രിക്‌സ്’ – രാജ്യങ്ങൾ

റിയോ ഡി ജനീറോ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര ചുങ്കങ്ങൾക്കെതിരെ ‘ ബ്രിക്‌സ്’ – രാജ്യങ്ങൾ .
റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് ഇറക്കുമതി ചുങ്കത്തിനും തീരുവകൾക്കുമെതിരെ എതിർപ്പുകൾഉയർന്നത് . അമേരിക്കയുടെ ഏകപക്ഷീയമായ തീരുവ ഏർപ്പെടുത്തുന്ന തീരുമാനത്തിനെതിരെ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.
തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഓഗസ്‌റ്റ് ഒന്നിന് മുമ്പ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുമായി കരാറിലെത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ട്രംപിൻ്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ബ്രിക്‌സിലെ അംഗങ്ങൾ ഉന്നയിച്ചു.. ഇത്തരം തീരുവകൾ ആഗോള സമ്പത്ത് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. ലോക ജനസംഖ്യയുടെ പകുതിയോളം ഉള്‍പ്പെടുന്ന ആഗോള സാമ്പത്തിക ഉൽപ്പാദനത്തിൻ്റെ 40 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെയാണ് അമേരിക്കയുടെ അധിക തീരുവകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഈ രാജ്യങ്ങള്‍ക്കാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ വ്യാപാര ചുങ്കങ്ങൾക്കെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന,ദക്ഷിണാഫ്രിക്ക) വിമര്‍ശനം ഉന്നയിച്ചത്.
ഉച്ചകോടിയില്‍ ബ്രസീൽ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ യുഎസ് സഖ്യകക്ഷികൾ അമേരിക്കൻ ഭരണകൂടത്തെയോ പ്രസിൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെയോ പേരെടുത്ത് പറയാനോ, വിമര്‍ശിക്കാനോ തയ്യാറായില്ല. അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇവ. അതുകൊണ്ട് അമേരിക്കയെ നേരിട്ട് വിമര്‍ശിക്കാൻ ഈ മൂന്ന് രാജ്യങ്ങളും തയ്യാറായില്ല.
ഇറാനെതിരെയുള്ള ആക്രമത്തെ അപലപിച്ച് ബ്രിക്‌സ്
ഇറാനെതിരെ ഇസ്രയേലുമായി അമേരിക്ക നടത്തിയ ആക്രമണങ്ങളെ ബ്രിക്‌സ് രാജ്യങ്ങൾ അപലപിച്ചു. ഇറാന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. അതേസമയം, ഇസ്രയേലിൻ്റെയോ അമേരിക്കയുടെയോ പേരെടുത്ത് അപലപിക്കാൻ ഇന്ത്യ തയ്യാറായില്ല. ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തിന് പരിഹാരമായി ദ്വിരാഷ്ട്ര ആശയം ബ്രിക്‌സ് രാജ്യങ്ങൾ മുൻപ് ആഹ്വാനം ചെയ്‌തിരുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷത്തിലെ പ്രതിസന്ധികൾ ബ്രസീലിയൻ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഇറാനിയൻ നയതന്ത്ര വൃത്തം അറിയിച്ചു.
കൃത്രിമ ബുദ്ധിയെ നിയന്ത്രിക്കുന്ന നിയന്ത്രണം ഏർപ്പെടുത്തണമെന്നും സാങ്കേതികവിദ്യ സമ്പന്ന രാജ്യങ്ങളുടെ മാത്രം സ്വത്തായിരിക്കാൻ കഴിയില്ലെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അതിവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥകൾക്കുള്ള വേദിയാണ് വിവിധ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സ്. രണ്ട് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്‌ത ബ്രിക്‌സിൻ്റെ 17-ാമത് ഉച്ചകോടിയാണ് ബ്രസീലിലെ റിയോ ഡി ജെനേറിയോയിൽ നടക്കുന്നത്.
അടുത്തിടെ സൗദി അറേബ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്‌റ്റ്, എത്യോപ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ബ്രിക്‌സിൽ അംഗത്വം നേടിയിരുന്നു. ബ്രസീലിലെ റിയോ ഡെ ജനേറയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടി ഇന്ന് സമാപിക്കും. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ഇന്ന് ചർച്ചയുണ്ടാകും.