ബ്രൂവറി വിവാദം: “സതീശനും രമേശനും നുണപറയുന്നു ” -എംബി രാജേഷ്  

0

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് പുറത്തുവിട്ട ക്യാബിനറ്റ് നോട്ട് ഒരാഴ്‌ചയായി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് മന്ത്രി എംബി രാജേഷ്. document.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒരാഴ്‌ചയായി ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് എലപ്പുള്ളിയിലെ എഥനോള്‍ നിര്‍മാണ പ്ലാന്‍റിന് പത്ത് ഘട്ട പരിശോധനയ്ക്ക് ശേഷമാണ് പ്രാരംഭ അനുമതി നല്‍കിയതെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.
കുടിവെള്ള പ്രശ്‌നത്തെ ചൊല്ലി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ അടക്കം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പാലക്കാട്ടെ കുടിവെള്ള വിതരണത്തിന്‍റെ കണക്കുകള്‍ വിശദീകരിച്ചായിരുന്നു മന്ത്രിയുടെ മറുപടി. കമ്പനിയുടെ പ്രൊജക്‌ട്‌ റിപ്പോര്‍ട്ട് പ്രകാരം പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ എഥനോള്‍ നിര്‍മാണത്തിന് ആവശ്യം വരുന്നത് 0.5 ദശലക്ഷം ലിറ്ററാണെന്ന് മന്ത്രി വ്യക്തമാക്കി.സതീശനും (വിഡി ) രമേശനും (ചെന്നിത്തല ) ആവർത്തിച്ചു നുണപറയുന്നുവെന്നും -എംബി രാജേഷ് പറഞ്ഞു

മലമ്പുഴ ഡാമിന്‍റെ സംഭരണ ശേഷി 2,23,000 ദശലക്ഷം ലിറ്ററാണ്. ഒരു വര്‍ഷം കുടിവെള്ളത്തിനായി മലമ്പുഴ ഡാമില്‍ നിന്നും ആവശ്യമായി വരുന്നത് ഒറ്റ തവണ സംഭരിക്കുന്ന വെള്ളത്തിന്‍റെ 13.16 ശതമാനമായ 29747.5 ദശലക്ഷം ലിറ്റര്‍ വെളളമാകും. പാലക്കാട് നഗരസഭയ്ക്കും പിരായിരി പഞ്ചായത്തിന് ഭാഗികമായും വെള്ളം നല്‍കുന്നതിന് ഒരു ദിവസം ആവശ്യം 45 ദശലക്ഷം ലിറ്ററാണ്.

പുതുപരിയാരം, അകത്തേത്തറ, മരുതുറോഡ് പഞ്ചായത്തുകള്‍ക്ക് പൂര്‍ണമായും മുണ്ടൂരിന് ഭാഗികമായും മലമ്പുഴ ഡാമില്‍ നിന്നും വെള്ളം നല്‍കുന്നു. ദിനംപ്രതി 25.5 ദശലക്ഷം ലിറ്ററാണ് ഇതിനെല്ലാം കൂടി ആവശ്യം. പുതുശേരിക്ക് വേണ്ടി 5 ദശലക്ഷം ലിറ്റര്‍ കൂടി ആവശ്യമാണ്. ഇതെല്ലാം കൂടി ചേര്‍ത്താല്‍ പ്രതിദിനം വേണ്ടത് 81.5 ദശലക്ഷം ലിറ്റര്‍ മാത്രമാണ്.പാലക്കാട് നഗരത്തിന് മാത്രം വേണ്ട വെള്ളത്തിന്‍റെ 1.1 ശതമാനം വെള്ളം മാത്രമാണ് ഫാക്‌ടറിക്ക് പൂര്‍ണതോതില്‍ ആവശ്യം വരുമ്പോള്‍ വേണ്ടി വരികയെന്നും മന്ത്രി പറഞ്ഞു. ജല അതോറിറ്റി കമ്പനിക്ക് ആവശ്യമുള്ള വെള്ളം അധികം പ്രത്യേകമായി നല്‍കുമെന്നും പറഞ്ഞിട്ടില്ല.

മലമ്പുഴയില്‍ നിന്നും കിന്‍ഫ്രയിലേക്കും പാലക്കാട് ഐഐടിയിലേക്കും പ്രതിദിനം പത്ത് ദശലക്ഷം വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അംഗീകാരം നല്‍കിയ ലൈനില്‍ നിന്ന് ഈ കമ്പനിക്ക് കൂടി വെള്ളം നല്‍കുമെന്നും എംബി രാജേഷ് വ്യക്തമാക്കി.

മഴനിഴല്‍ പ്രദേശമായ പാലക്കാട് മഴവെള്ള സംഭരണി സാധ്യമല്ലെന്ന രമേശ് ചെന്നിത്തലയുടെ വാദത്തിന് വടകരപുളി, എലപ്പുള്ളി പഞ്ചായത്തിലുള്ള സ്വകാര്യ ക്യാമ്പസിലെ 12 മഴവെള്ള സംഭരണികളുടെ സാന്നിധ്യമാണ് മന്ത്രി മറുപടിയായി ചൂണ്ടിക്കാട്ടിയത്. ഒരോന്നിന്‍റെയും ശേഷി 2 കോടി ലിറ്ററാണ്.

5 ഏക്കര്‍ മുതല്‍ 6 ഏക്കര്‍ വരെയാണ് ഓരോന്നിന്‍റെയും വ്യാസം. രൂക്ഷമായ വെള്ളക്ഷാമമുള്ള സ്ഥലത്താണ് 24 കോടി ലിറ്റര്‍ സംഭരിക്കുന്നത്. ഇവിടെ ബോട്ടിങ്ങുമുണ്ട്. ഫെബ്രുവരി 17ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഈ മഴ വെള്ള സംഭരണികള്‍ കാണാന്‍ മുന്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയാണെന്നും എംബി രാജേഷ് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പ്രതിപക്ഷം ഉന്നയിച്ച കാതലായ വിഷയങ്ങള്‍ക്ക് മറുപടി പറയാതെ ആരോപണങ്ങളെ വ്യാജ ആരോപണമുന്നയിച്ച് നേരിടുന്ന രീതിയാണ് എക്‌സൈസ് മന്ത്രി എംബി രാജേഷ്‌ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് സിപിഎം രീതിയാണ്. അതിവിടെ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡീല്‍ ഉറപ്പിച്ചത് എവിടെ വച്ചായിരുന്നെന്നും എന്തായിരുന്നു ഡീല്‍ എന്നും എവിടെ വച്ചാണ് മന്ത്രിയും കമ്പനി പ്രതിനിധികളും കൂടിക്കാഴ്‌ച നടത്തിയതെന്നും സതീശന്‍ ചോദിച്ചു. ഒരു വകുപ്പും അറിയാതെ എക്‌സൈസ് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞാണ് ഒയാസിസ് കമ്പനിയുടെ മദ്യനിര്‍മ്മാണ പ്ലാന്‍റിന് അനുമതി നല്‍കിയത് എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള കൃത്യമായ തെളിവായാണ് കാബിനറ്റ് രേഖ പുറത്ത് വിട്ടത്.

മാധ്യമങ്ങളിലൂടെയോ അല്ലാതെയോ കേരളീയ പൊതു സമൂഹത്തിന് മുന്നില്‍ കാബിനറ്റ് നോട്ട് ഇതുവരെ ഉണ്ടായിരുന്നില്ല. മറ്റൊരു വകുപ്പുമായും ചര്‍ച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിര്‍മ്മാണ പ്ലാന്‍റിന് അനുമതി നല്‍കിയത് എന്തിന് എന്ന ചോദ്യത്തിന് എക്‌സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ല.

മദ്യനയം മാറിയത് ആരുമറിഞ്ഞില്ല എന്നായിരുന്നില്ല പ്രതിപക്ഷത്തിന്‍റെ ആരോപണം. മാറിയ മദ്യനയം അനുസരിച്ച് പുതിയ മദ്യനിര്‍മ്മാണശാലക്ക് അനുമതി കൊടുത്തത് ആരും അറിഞ്ഞില്ലായെന്നായിരുന്നു. കേരളത്തില്‍ പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍ സമാനമായ ബിസിനസ് നടത്തുന്ന ഡിസ്റ്റിലറികള്‍ പോലും അറിയാതെ എങ്ങനെയാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസീസ് കമ്പനി മാത്രം ഇതറിഞ്ഞത്? അതിനും മന്ത്രിക്ക് മറുപടിയില്ല.

പുതിയ മദ്യനയം വരുന്നതിന് മുമ്പ് എങ്ങനെയാണ് ഒയാസീസ് കമ്പനി എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയത്? കോളജ് തുടങ്ങാന്‍ എന്ന പേരിലാണ് സ്ഥലം വാങ്ങിയത്. അപ്പോള്‍ ഒയാസീസ് കമ്പനിക്ക് മദ്യനിര്‍മ്മാണ ശാല അനുവദിക്കാന്‍ വേണ്ടി മാത്രം മദ്യനയം മാറ്റുകയായിരുന്നുവെന്ന് വ്യക്തം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *