19 കാരിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി കൊക്കയിലേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ

മുബൈ: വാക്കുതർക്കത്തെ തുടർന്ന് 19 കാരിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി കൊക്കയിലേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ ദൗലത്താബാദിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയെന്നും കൊലപാതക കുറ്റം ഏറ്റു പറഞ്ഞുവെന്നും പൊലീസ് പറഞ്ഞു.
വൈജാപൂർ മാണ്ഡ്കി സ്വദേശി സുനിൽ ഖണ്ഡഗലെയാണ് പെൺസുഹൃത്തിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തു നിന്നും മൃതദേഹം കണ്ടെടുത്തതായും കൊല്ലപ്പെട്ട പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 19 കാരിയായ ദിപാലി അശ്വറാണ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ദൗലത്താബാദ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്‌ടർ രേഖ ലോണ്ടെ പറഞ്ഞു. പ്രതിയായ സുനിലും കൊല്ലപ്പെട്ട ദീപാലിയും വൈജാപൂർ തെഹ്‌സിലിലെ മാണ്ഡ്‌കിയിലാണ് താമസിച്ചിരുന്നത്.
അസ്വാരസ്യങ്ങൾ കാരണം ദീപാലി സഹോദരിയുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. സുനിലും ദീപാലിയും ദൗലതാദ് ഘട്ട് സന്ദർശിച്ചപ്പോൾ അവിടെ വച്ച് ഇരുവരും വാക്കുതർക്കം ഉണ്ടായി. തുടർന്ന് സുനിൽ ദീപാലിയുടെ തലയിൽ കല്ലെറിയുകയും തുടർന്ന് മലമുകളിൽ നിന്ന് തള്ളി താഴേയ്ക്ക് വീഴ്‌ത്തുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രതിയായ സുനിൽ കർണാടക ഷിരൂരിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയും ചെയ്‌തു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വകാര്യ ആവശ്യങ്ങൾക്കായി ദീപാലി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി സുനിൽ പറഞ്ഞു.
എന്നാൽ, സുനിൽ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വ്യാജ ബലാത്സംഗ കേസ് ചുമത്തി സുനിലിനെതിരെ പരാതി നൽകുമെന്ന് ദീപാലി ഭീഷണിപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. വെള്ളിയാഴ്‌ച ഉച്ച തിരിഞ്ഞാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.