ബോയ് ബാൻഡായ എൻസിടി ഗായകൻ ടെയ്ൽ ബാൻഡ് ഗ്രൂപ്പ് വിട്ടു
സിയോൾ : ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ എൻസിടി ഗായകൻ ടെയ്ൽ ബാൻഡ് ഗ്രൂപ്പ് വിട്ടു. ലൈംഗിക പീഡന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നീക്കം. ബുധനാഴ്ചയാണ് ടെയ്ൽ എന്നറിയപ്പെടുന്ന മൂൺ ടെയ്-ഇൽ ഇക്കാര്യം വിശദമാക്കിയത്. ലൈംഗിക പീഡനക്കേസിലെ ആരോപിതനെന്ന് വ്യക്തമായതിന് പിന്നാലെയാണ് നടപടിയെന്ന് വിശദമാക്കിയെങ്കിലും എത്തരത്തിലുള്ള ആരോപണത്തിലാണ് കെ പോപ്പ് താരം നേരിടുന്നതെന്ന് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.
ഗുരുതരമായ ആരോപണം നേരിടുന്നതിനാൽ ടീമിൽ ടെയ് ഇല്ലിന് തുടരാനാവില്ലെന്ന് എൻസിടി വിശദമാക്കി. ആരോപണത്തേക്കുറിച്ച് താരം ഇനിയും പ്രതികരിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് എസ്എം എന്റർടെയിൻമെന്റ് വിശദമാക്കി. അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭ്യമാക്കും. ദക്ഷിണ കൊറിയൻ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബാംഗ്ബേ പൊലീസ് സ്റ്റേഷനിലാണ് ഗായകനെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 മുതൽ ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ എൻസിടിയിൽ അംഗമാണ് ടെയ് ഇൽ.
നിലവിൽ നിരവധി ഉപ ബാൻഡുകളിലായി രണ്ട് ഡസനിലേറെ അംഗങ്ങളാണ് എൻസിടിയിലുള്ളത്. എൻസിടി 127, എൻസിടി ഡ്രീം, എൻസിടി വിഷ് എന്നിവയാണ് ഉപ ബാൻഡുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടെയ് ഇല്ലിന് സിയോളിൽ വച്ച് കാർ അപകടം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് നിലവിലെ സംഭവങ്ങൾ. എൻസിടി 127-ലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ടെയ്ൽ എന്നറിയപ്പെടുന്ന മൂൺ ടെയ്-ഇൽ.