അതിർത്തിയെ കരുത്തുറ്റതാക്കുന്നതിന് പ്രഥമ പരിഗണന; കുടിയേറ്റ നയം കടുപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്
വാഷിങ്ടൻ∙ അതിർത്തിയെ ശക്തവും കരുത്തുറ്റതുമാക്കി മാറ്റുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം രാജ്യാന്തര മാധ്യമത്തിന് നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. അനധികൃതമായി കുടിയേറിയവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന തന്റെ പ്രചാരണ വാഗ്ദാനത്തെ കുറിച്ചുള്ള ചോദ്യത്തിന് അതു നടപ്പാക്കുകയല്ലാതെ തന്റെ ഭരണകൂടത്തിന് മറ്റുമാർഗമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
അതിര്‍ത്തി ശക്തമാക്കുന്നതിനൊപ്പം തന്നെ ആളുകൾ അമേരിക്കയിൽ വരണമെന്നും താൻ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘തീർച്ചയായും അതിർത്തി ശക്തവും കരുത്തുറ്റതുമാക്കേണ്ടതുണ്ട്, അതേസമയം, ആളുകൾ നമ്മുടെ രാജ്യത്ത് വരണമെന്നും ആഗ്രഹിക്കുന്നു. ‘ഇല്ല, നിങ്ങൾക്ക് അകത്തേക്ക് വരാൻ കഴിയില്ല‘ എന്ന് പറയുന്ന ആളല്ല ഞാൻ. ആളുകൾ അകത്തേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.“ യുഎസ് പ്രസിഡന്റ് ജോ ബൈഡനും കമല ഹാരിസുമായി നടത്തിയ ഫോൺ സംഭാഷണത്തെ കുറിച്ചും ട്രംപ് പരാമർശിച്ചു. സംഭാഷണം ഹൃദ്യമായിരുന്നുവെന്നും പരസ്പര ബഹുമാനത്തോടെയുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.