രണ്ടര ദിവസം മാത്രം പ്രായമുള്ള മകളുടെ മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്തു
രണ്ടര ദിവസം മാത്രം പ്രായമുള്ള സ്വന്തം മകളുടെ മൃതദേഹം യുവതി ആശുപത്രിക്ക് ദാനം ചെയ്തു. ഹരിദ്വാറിൽ നിന്നുള്ള ദമ്പതികളാണ് ഡെറാഡൂണിലെ ഡൂൺ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാട്ടമി വിഭാഗത്തിന് സ്വന്തം കുഞ്ഞിന്റെ മൃതദേഹം ദാനം ചെയ്തത്. സരസ്വതി എന്ന് പേരുള്ള പിഞ്ച് കുഞ്ഞാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്.
സിസേറിയനിലൂടെയായിരുന്നു പ്രസവം. പ്രസവത്തിന് പിന്നാലെ ശ്വസിക്കാൻ കുഞ്ഞിന് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയുടെ ഐസിയുവിൽ പ്രവേശിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം ഡിസംബർ 10 -ാം തിയതി കുട്ടി മരണത്തിന് കീഴടങ്ങി.
കുട്ടിയുടെ മരണത്തിന് പിന്നാലെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ട് നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവത്ക്കരണം നടത്തുന്ന ദാധിച്ചി ദെഹ് ദാൻ സമിതിയും ആശുപത്രി അധികൃതരും കുട്ടിയുടെ മാതാപിതാക്കളെ സമീപിക്കുകയും കുഞ്ഞിൻറെ മൃതദേഹം പഠനത്തിനായി ദാനം ചെയ്യാനും അഭ്യർത്ഥിച്ചു. ഒടുവിൽ, കുടുംബം അതിന് സമ്മതിക്കുകയായിരുന്നുന്നെന്നും ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു.