എമിറേറ്റിൽ ബിസിനസ് രംഗത്ത് വൻകുതിപ്പ്
അജ്മാൻ : എമിറേറ്റിൽ ബിസിനസ് രംഗത്ത് വൻകുതിപ്പ് രേഖപ്പെടുത്തി. അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണിയിലാണ് ഈ വർഷം ഏറ്റവുംകൂടുതൽ ഇടപാടുകൾ നടന്നത്. ജനുവരിമുതൽ ജൂലായ് വരെ 1468 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നു. ഏതാണ്ട് 200 കോടി ദിർഹത്തിന്റെ ബിസിനസാണ് നടന്നത്. 134 കോടി ദിർഹത്തിന്റെ ഇടപാടുകൾ ജൂലായിൽമാത്രം നടന്നു. വർഷംതോറും 42.85 ശതമാനം വളർച്ചയാണ് അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണിയിലുണ്ടായത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണത്തിലും അളവിലും അജ്മാൻ ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ ഒമർ ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു.അജ്മാനിൽ എട്ടുകോടി ദിർഹത്തിന്റെ ഇടപാടുകൾ നടന്ന അൽ റാഷിദിയ ആണ് ഏറ്റവും ഉയർന്ന വിൽപ്പനമൂല്യമുള്ള സ്ഥലം. ഇവിടെ 134 കോടി ദിർഹത്തിന്റെ 280 മോർട്ട്‌ഗേജ് ഇടപാടുകളാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം വ്യാപാരം നടക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ അൽ ഹീലിയോ 2 ആണ് ഒന്നാമത്.
വ്യാപാരത്തിന് മികച്ചപദ്ധതികൾ ആസൂത്രണംചെയ്ത പ്രദേശങ്ങളിൽ എമിറേറ്റ്‌സ് സിറ്റി ഒന്നാംസ്ഥാനം നേടി.പുതിയ സംരംഭങ്ങൾ തുടങ്ങുന്നവരുടെ എണ്ണത്തിലും അജ്മാനിൽ വർധനരേഖപ്പെടുത്തി. ഈ വർഷം ആദ്യപാദത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലൈസൻസെടുത്തവരുടെ എണ്ണത്തിൽ 13 ശതമാനത്തിലേറെ വളർച്ച രേഖപ്പെടുത്തി. ഇറക്കുമതി, കയറ്റുമതി, പെർഫ്യൂമുകൾ, വസ്ത്രവ്യാപാരം എന്നിവയാണ് അജ്മാനിൽ നൽകിയ ഏറ്റവുംപുതിയ വാണിജ്യ ലൈസൻസുകളിൽ ഉൾപ്പെടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് അജ്മാനിൽ നിർമാണരംഗത്തും ഈ വർഷം മികച്ച കുതിപ്പ് രേഖപ്പെടുത്തി.ഈ വർഷം ആദ്യപകുതിയിൽ അജ്മാൻ ബാങ്കും മികച്ചലാഭം കൈവരിച്ചിരുന്നു. 21.6 കോടി ദിർഹത്തിന്റെ അറ്റാദായമാണ് ബാങ്ക് നേടിയത്. 111 ശതമാനമാണ് ലാഭവർധന. ഈ വർഷം രണ്ടാംപാദത്തിൽ ബാങ്ക് 10.8 കോടി ദിർഹം ലാഭം നേടിയിരുന്നു.