ഒരു കാലം പകർത്തപ്പെടുമ്പോൾ…..
ചില പുസ്തകങ്ങൾ വായനയ്ക്കായി നമ്മിലേക്കെത്തുന്നത് തികച്ചും യാദൃച്ഛികമായിട്ടായിരിക്കും. വായന തുടങ്ങിയാൽ മുമ്പ് വായിക്കുകയോ, അറിയുകയോ, കേട്ടു പരിചയം പോലുമോ ഇല്ലാത്ത ഒരു എഴുത്തുകാരൻ എത്രയോ കാലമായി അറിയുന്ന ഒരു കൂട്ടുകാരനെ പോലെയോ, സ്വന്തക്കാരനെ പോലെയോ ഉള്ളിന്റെയുള്ളിലേക്ക് കയറിവന്ന് സ്ഥാനമുറപ്പിക്കും. അയാളെ തേടി ചെല്ലുന്ന നമ്മുടെ ഒരു ഒരു ഫോൺ വിളിയിൽ ഒരു വലിയ സൗഹൃദം രൂപം കൊള്ളും. എത്രയോ കാലം പരിചയമുള്ള ഒരാളെപോലെ ദീർഘനേരം സംസാരിക്കും.
മുരളി എന്ന അയൽവാസിയായ സുഹൃത്തിലൂടെ കൈകളിലെത്തിയ പുസ്തകമാണ് ശ്രീപ്രസാദ് വടക്കേപ്പാട്ടിന്റെ “ഓലപ്പുരയിലെ ഋതുഭേദങ്ങൾ” എന്ന കൃതി.
ഈ എഴുത്തുകാരന്റെ രണ്ടാമത് കൃതിയാണിത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത് നെല്ലായ സ്വദേശിയും നിലവിൽ മുംബൈയിൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ഉദ്യോഗസ്ഥനുമായ ഇദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമായ ആദ്യ പുസ്തകം “നെപ്പോളിയന്റെ നാട്ടിൽ” എന്ന സഞ്ചാര സാഹിത്യമാണ്.
രണ്ടാം കൃതിയായ ഓലപ്പുരയിലെ ഋതുഭേദങ്ങളിൽ 1985 മുതൽ മൂന്നു വർഷം ആനമങ്ങാട് ഗവണ്മെന്റ് ഹൈസ്ക്കൂളിലെ (ഇന്ന് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ) പഠന കാലമാണ് നാൽപ്പത് അദ്ധ്യായങ്ങളിലായി ഇതൾ വിരിയുന്നത്. സുന്ദരമായ ഈ ഓർമ്മയെഴുത്ത് പരത്തുന്ന സുഗന്ധത്തിൽ വായനക്കാരൻ ലയിച്ചു പോകും. ആ കാലം തൊട്ടറിഞ്ഞവർ പതിയേ ആ ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കും. അല്ലെങ്കിൽ ചിറകുവിരിച്ച് പറന്നുയരുയും. അവിടെയാണ് ഈ എഴുത്തുകാരനും തെളിമയാർന്ന ആ ഓർമ്മകളും ഹൃദ്യമായ ആ ഭാഷയും ശൈലിയും എല്ലാം വിജയിക്കുന്നത്.
ആനമങ്ങാട് ഒരു കലാഗ്രാമമാണ്, സാംസ്കാരിക ഭൂമികയാണ്. അവിടെ ഒരുപാട് വേദികളിൽ ഞാനെത്തിയിട്ടുണ്ട്. എനിക്ക് ഒരു പാട് സൗഹൃദങ്ങളുമുണ്ടവിടെ. എന്നാൽ ശ്രീപ്രസാദ് വടക്കേപ്പാട്ട് എന്നൊരു പേര് ഞാൻ കേട്ടിട്ടില്ല എന്ന് പറഞ്ഞപ്പോൾ നിറഞ്ഞ ഒരു ചിരിയായിരുന്നു മറുപടി. ഞാൻ മൂന്നു വർഷം ആ സ്കൂളിൽ പഠിച്ചു, അതാണ് എനിക്ക് ആ ആ നാടുമായി ബന്ധം. അല്ലാതെ അവിടെ, ആ നാട്ടിൽ ആരേയും എനിക്കോ അവിടെ ആർക്കെങ്കിലും എന്നെയോ അറിയില്ല.
മറുപടിയായി ഞാൻ പറഞ്ഞു :
“സുഹൃത്തേ താങ്കൾ ആനമങ്ങാടിനെ ആഴത്തിൽ അറിഞ്ഞിരിക്കുന്നു. ആ നാടിനേയും പ്രദേശത്തിനാകെ അക്ഷരവെളിച്ചം പകർന്നു നിൽക്കുന്ന ആ കലാലയത്തെയും കാലാകാലത്തേക്ക് അടയാളപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താമസിയാതെ ആ നന്മ നിറഞ്ഞ നാടിന്റെ ഹൃദയം താങ്കളെ ചേർത്തു പിടിക്കുക തന്നെ ചെയ്യും.”
പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ ശ്രീ. സി. രാധാകൃഷ്ണനാണ്.
ഓലയിൽ എഴുതി വെച്ച കാര്യങ്ങൾ ഓല മേഞ്ഞ സ്കൂളിൽ ഇരുന്നു പഠിച്ചാണ് അക്ഷരവും അതിലൂടെ കിട്ടാവുന്ന അറിവും കേരളം നേടിയത് എന്നും സ്കൂളിലെ സ്നേഹധനരായ അദ്ധ്യാപകർ നിരവധി കോടികൾ വിലമതിക്കുന്ന ലോകവീക്ഷണമാണ് മൂല്യമാണ് തന്നത് എന്നും അദ്ദേഹം അവതാരികയിൽ കുറിക്കുന്നു.
ആനമങ്ങാട് സ്കൂൾ ഒരു പ്രതീകമാണ് എന്നും, കേരളത്തെ കേരളമാക്കിയത് എന്താണ് എന്നറിയാൻ ആനമങ്ങാട് സ്കൂളുകളിൽ പഠിക്കണം അല്ലെങ്കിൽ പഠിച്ചവരെ പരിചയപ്പെടണം അല്ലെങ്കിൽ അവരെഴുതിയത് വായിക്കണം എന്ന് ശ്രീ. സി. രാധാകൃഷ്ണൻ സാർ ഉള്ളുതൊട്ടെഴുതിയതിൽ നിന്നറിയുക എത്രമേൽ ഹൃദ്യം ഈ കൃതി എന്ന്, എത്രമേൽ ശക്തം ഈ ഭാഷ എന്ന്. ഓരോ അദ്ധ്യായങ്ങളും നമ്മെ കൂട്ടി കൊണ്ടുപോവുകയാണ്. ജീവിതങ്ങൾക്ക് പൊതുവേ നിറം കുറവായിരുന്ന ഒരു കാലത്തിന്റെ നിറമുള്ള ഓർമ്മകളിലേക്ക്. വാക്കുകൾ ഇടതടവില്ലാതെ ഒഴുകിയെത്തുമ്പോൾ മുന്നിൽ തെളിയുന്ന ചിത്രങ്ങളിൽ പരിമിതമായ സൗകര്യത്തിൽ പഠിച്ചിറങ്ങിയ തലമുറയുണ്ട്. പരിധിയില്ലാതെ സ്നേഹവും വാൽസല്യവും പകർന്നു തന്നിരുന്ന അദ്ധ്യാപകരുണ്ട്. ഒരല്പം പോലും ഓർമ്മത്തെറ്റു വരാതെ കുറിച്ചിടുന്ന അവരുടെ രൂപഭാവങ്ങളും സ്വഭാവ വിശേഷങ്ങളുമുണ്ട്. കൂടെയിരുന്നു പഠിച്ചവരുടെ നിഷ്കളങ്ക മുഖങ്ങളും കുസൃതികളുമുണ്ട്. പുറത്തറിയിക്കാൻ ധൈര്യമില്ലാതെ മനസ്സിൽ മാത്രം കോറിയിട്ട ചിലരുടെ നിർദോഷമായ സ്വപ്നങ്ങളെ കുറിച്ച് പരാമർശങ്ങളുണ്ട്. എല്ലാറ്റിമുപരിയായി ആനമങ്ങാട് ഹൈസ്ക്കൂളിലെ ഓലപ്പുര ക്ലാസ്സുകളിലെ മായാത്ത പഠന കാലത്തിന്റെ നേർചിത്രങ്ങളുണ്ട്. അസാമാന്യമായ നർമ്മബോധം വായനയെ സുഖകരമാക്കുന്നു എന്ന് മാത്രമല്ല അദ്ധ്യായങ്ങളുടെ പേരുകളിൽ പോലും അത് പ്രതിഫലിക്കുന്നതും കാണാം. ടിപ്പുവിന്റെ കോട്ടയും ആട്ടിൻ കാട്ടവും, അപ്പു നായരും കിണറും, കിണറ്റിലെ പന്തും വിശ്വൻ മാഷിന്റെ കണിയും, സൈനുദ്ദീൻ മാഷും നാലാം മാനവും, ഒരു ഡസ്കിന്റെ ആകസ്മിക മരണം, ത്രേസ്യാമ ടീച്ചറും അമ്ലവും, അഗസ്ത്യൻ മാഷും ഹർഷ മഹാരാജാവും തുടങ്ങി എത്രയോ ഉദാഹരണങ്ങൾ.
കാലവും നാടും ഒരു കാലത്തും മറന്നു പോകാൻ പാടില്ലാത്ത ചിലതെല്ലാം നാം മറന്നു പോകുന്നു എന്ന ദുഃഖകരമായ സത്യം പുസ്തകത്തിലെ മൂന്നാം അദ്ധ്യായം പങ്കുവെച്ചത് ഞാൻ അല്പം വേദനയോടെയാണ് വായിച്ചത്. ആനമങ്ങാട് ഒരു ഹൈസ്ക്കൂൾ എന്ന മോഹസാക്ഷാത്ക്കാരത്തിനായി പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി പാതയോരത്ത് മൂന്നേക്കർ സ്ഥലം സൗജന്യമായി നൽകിയ എരിയാനംപറ്റ അപ്പു നായർ എന്ന വിശാലമായ കാഴ്ചപ്പാടുള്ള ശ്രേഷ്ഠ വ്യക്തിത്വത്തെ നന്ദിയോടെ സ്മരിക്കുകയാണ് ഈ അദ്ധ്യായത്തിൽ. ഇത്തരം നന്മ നിറഞ്ഞ വ്യക്തികളെ നാം മറവിയിലേക്ക് തള്ളിവിടുന്നതിലെ വേദനയും അമർഷവും ആ വരികളിൽ കാണാം.
പുസ്തകത്തിൻ്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കരുത്തു നിറഞ്ഞ എന്നാൽ മനോഹരമായ പ്രയോഗങ്ങളാണ്. തത്വചിന്തയിലേക്കോ അതിവിശാലമായ കാഴ്ചപ്പാടുകളിലേക്കോ വളരുന്ന അതിന്, പ്രാപ്തിയുള്ള എന്നാൽ തീർത്തും ലളിതവും രസകരവുമായ എത്രയോ പ്രയോഗങ്ങൾ പുസ്തകത്തിൽ ഭംഗിയായി ചേർത്തു വെച്ചിരിക്കുന്നു. മൈസൂർ ബാംഗ്ലൂർ അദ്ധ്യയന യാത്രയെ കുറിച്ചു പറയുന്നിടത്തു ഇങ്ങനെ എഴുതിയിരിക്കുന്നു:
“ഗൂഡല്ലൂർ കഴിഞ്ഞാൽ മുതുമല സംരക്ഷിത കാടുകളാണ്. പുല്ലുമേയുന്ന മാൻ കൂട്ടങ്ങളെ ധാരാളം കാണാം. വീണ്ടും ഒരതിർത്തി.അത് കർണാടകയുടേതാണ്. കാടിന്റെ പേര് മാറി മുതുമല ബന്ദിപ്പൂരാവുന്നു” ഇത്ര എഴുതിയ ശേഷമുള്ള അടുത്ത വാചകം ശ്രദ്ധിക്കുക,
“ഇതെല്ലാം മനുഷ്യനു മാത്രം ബാധകം.”
ഒരിടത്തു ശ്രീപ്രസാദ് പറയുന്നു, “പല മുഖങ്ങളും പേരുകളും മനസ്സിന്റെ അടിത്തട്ടുകളിൽ എവിടെയൊക്കെയോ കുടുങ്ങിക്കിടക്കുന്നു. ഓർമ്മകളുടെ ആഴക്കയങ്ങളിലേക്കിട്ട പാതാളക്കരണ്ടിയുടെ കൊളുത്തുകളിൽ കുടുങ്ങുവാൻ പലതിനും മടി” എന്ന്.
ഒന്നു മാത്രം പറയട്ടെ പ്രിയ സുഹൃത്തേ താങ്കൾ ഓർമ്മയിൽ നിന്നും വരച്ചിട്ടത് ചരിത്രമാണ്. മറന്നു പോകാൻ പാടില്ലാത്ത ഒരു ഗ്രാമത്തിന്റെ അവിടെ തെളിഞ്ഞ അക്ഷരവെളിച്ചത്തിന്റെ ചരിത്രം. ആനമങ്ങാട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ എന്ന പ്രതാപം നിറഞ്ഞ കലാലയത്തിന്റെ പിന്നിട്ട ചരിത്രം. കൂടെ ഒരു കാലത്തെ അടയാളപ്പെടുത്തലും. വായനക്ക് ശേഷം മനസ്സിൽ നിന്നിറങ്ങാതെ നിൽക്കുന്നുണ്ട് ഒട്ടേറെമുഖങ്ങൾ. വിശ്വൻ മാഷ്, ജോസ് മാഷ്, ജാനകി, അഗസ്ത്യൻ മാഷ്, ത്രേസ്യാമ ടീച്ചർ, ദേവയാനി ടീച്ചർ, ആരിഫ്, നാസർ, ശ്രീനി, സുലൈമാൻ, ശിവശങ്കരൻ, ഭാസ്കരൻ മാഷ്, ലൈല ടീച്ചർ എത്രയെത്ര പേരെയാണ് താങ്കൾ മറവിക്ക് വിട്ടുകൊടുക്കാതെ ചേർത്തു നിർത്തിയത്, കൂടാതെ ആ ഒരു കാലത്തേയും.
സുരേഷ് തെക്കീട്ടിൽ.
ഓലപ്പുരയിലെ ഋതുഭേദങ്ങൾ: ഓർമ്മ
പ്രസാധനം: പേപ്പർ പബ്ലിക്ക, തിരുവനന്തപുരം