ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി
ന്യൂഡൽഹി: സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാർത്തകൾ കണ്ടെത്തി നടപടി എടുക്കുന്നതിന് കേന്ദ്ര സർക്കാർ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാൻ ഐ.ടി. ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി.
ഐ.ടി. ചട്ടങ്ങളുടെ ഭേദഗതി ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരായ ജി.എസ്. പട്ടേൽ, നീല ഗോഖലെ എന്നിവർ ഭിന്നവിധിയാണ് പ്രസ്താവിച്ചിരുന്നത്. ഇതേ തുടർന്ന് ജസ്റ്റിസ് അതുൽ എസ്. ചന്ദ്രുക്കറിനെ കേസിലെ ടൈ ബ്രേക്കർ ജഡ്ജിയായി നിയമിക്കുകയായിരുന്നു. ഐ.ടി. ചട്ടങ്ങളിൽ 2023-ൽ കൊണ്ടുവന്ന ഭേദഗതി ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസ് അതുൽ എസ്. ചന്ദ്രുക്കർ വിധിച്ചു.
കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധനയ്ക്കാണ് ഐ.ടി. ചട്ടങ്ങൾ 2023-ൽ ഭേദഗതി വരുത്തി ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടിവരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം. ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു