മോചനദ്രവ്യമായി എണ്‍പതു ലക്ഷം രൂപ ആവശ്യപ്പെട്ടു :കാണാതായ എട്ടുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തിയത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം

ലഖ്‌നൗ: മൂന്ന് മാസം മുമ്പ് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്ന് കാണാതായ എട്ടുവയസുകാരന്‍റെ മൃതദേഹം രാജസ്ഥാനില്‍ നിന്ന് കണ്ടെത്തി. ഒന്നാംക്ലാസുകാരനായ അഭയ് പ്രതാപിനെ ഏപ്രില്‍ 30ന് ആഗ്രയിലെ ഫത്തേബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ എണ്‍പത് ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു.
പ്രതികളിലൊരാളെ രാജസ്ഥാന്‍ പൊലീസ് പിടികൂടിയതോടെയാണ് സംഭവത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. തുടര്‍ന്നാണ് മൃതദേഹം മറവ് ചെയ്‌തിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചത്. രാജസ്ഥാനിലെ ധവൂല്‍പൂര്‍ ജില്ലയില്‍ മാനിയന്‍ എന്ന ഗ്രാമത്തിനടുത്തുള്ള ദേശീയ പാതയോരത്ത് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.
മകന്‍ ഏപ്രില്‍ മുപ്പതിന് അടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ് പക്ഷേ പിന്നീട് മടങ്ങിയെത്തിയില്ലെന്ന് അഭയുടെ പിതാവ് വിജയ് പ്രതാപ് പറഞ്ഞു. ആഗ്രയിലെ വിജയ് നഗറിലുള്ള പ്രാദേശിക വ്യവസായിയാണ് വിജയ് പ്രതാപ്.
പൊലീസില്‍ പരാതി നല്‍കും മുമ്പ് കുടുംബം സ്വന്തം നിലയില്‍ ചില അന്വേഷണങ്ങള്‍ നടത്തി. രണ്ട് ദിവസത്തിന് ശേഷം വീടിനടുത്ത് കണ്ട ഒരു കടലാസ് തുണ്ടിലാണ് മോചനദ്രവ്യം ആവശ്യം കുടുംബത്തിന് ലഭിച്ചത്. പണം തന്നില്ലെങ്കില്‍ കുട്ടിയെ കൊല്ലുമെന്ന ഭീഷണിയും ഈ കുറിപ്പിലുണ്ടായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത്തരം കുറിപ്പുകള്‍ കുടുംബത്തെ തേടിയെത്തി. തട്ടിക്കൊണ്ടു പോയവര്‍ ഒരിക്കല്‍ പോലും കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടില്ല.
സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്ത് തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് കുട്ടിയെ കൊന്നതായി വിവരങ്ങൾ ഇയാള്‍ വെളിപ്പെടുത്തിയതെന്ന് ഫത്തേബാദ് എസിപി അമര്‍ദീപ് ലാല്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം മാനിയന്‍ ഗ്രാമത്തിലെ ദേശീയപാതയോരത്ത് കുഴിച്ചിട്ടെന്നും ഇയാള്‍ വെളിപ്പെടുത്തി.
കുട്ടിയുടെ വീടിന് സമീപമുള്ള കടയില്‍ ജോലി ചെയ്യുന്ന ആളാണ് പ്രതി. ഇതേ തുടര്‍ന്ന് പൊലീസ് ധോല്‍പൂര്‍ ജില്ലയിലെ പൊലീസിന് വിവരങ്ങള്‍ കൈമാറി. അവരാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രതിയുടെ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വെളിപ്പെടുത്തി. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.