സന്ദർശന വിസയിൽ സൗദിയിലെത്തി മരണപ്പെട്ട ഇന്ത്യക്കാരന്‍റെ മൃതദേഹം രണ്ടുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു
റിയാദ് : സന്ദർശന വിസയിൽ സൗദിയിലെത്തിയ ശേഷം ഔദ്യോഗികരേഖകൾ നഷ്ടപ്പെടുകയും അസുഖബാധിതനായി മരിക്കുകയും ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം രണ്ടുമാസത്തിന് ശേഷം നാട്ടിൽ എത്തിച്ചു. ഒന്നര വർഷം മുമ്പ് സന്ദർശന വിസയിൽ റിയാദിലെത്തിയ തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി ഷാജി വിജു വിജയന്‍റെ (34) മൃതദേഹമാണ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സ്വദേശത്ത് എത്തിച്ചത്.
റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ രണ്ടുമാസത്തോളമായി തെക്കേന്ത്യക്കാരെനെന്ന് തോന്നിപ്പിക്കുന്ന, തിരിച്ചറിയാത്ത ഒരു മൃതദേഹം ഉണ്ടെന്ന വിവരം മോർച്ചറിയിലെ ജോലിക്കാർ മുഖേനയാണ് കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര അറിയുന്നത്.
തുടർന്ന് കേളി ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയും പരിശോധിക്കാനുള്ള അനുവാദം വാങ്ങുകയും ചെയ്‌തു. ആദ്യത്തെ അന്വേഷണത്തിൽ വിവരങ്ങളൊന്നും ലഭിച്ചില്ല. ദിവസങ്ങൾക്കിപ്പുറം ഒരു വർഷത്തോളമായി റിയാദിൽ കാണാതായ വിജയനെ കുറിച്ച് അന്വേഷിച്ചുകൊണ്ട് അതേ ആശുപത്രിയിലെ ഒരു നഴ്‌സ് എംബസിയിൽ പരാതി നൽകി. ഒന്നര വർഷം മുമ്പ് റിയാദിലേക്ക് പോയ വിജയനെ കുറിച്ച് കഴിഞ്ഞ ഒരു വർഷമായി വിവരങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്ന ഭാര്യയുടെ പരാതി അയൽവാസിയായ നഴ്സ് എംബസിയെ അറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ സാമൂഹികപ്രവർത്തകരുടെ സഹായം അഭ്യർഥിച്ച എംബസി വിജയെൻറ ഫോട്ടോ കൈമാറി.
ഈ അന്വേഷണത്തിലാണ് മോർച്ചറിയിലെ മൃതദേഹം വിജയേൻറത് തന്നെയെന്ന് നഴ്‌സ് തിരിച്ചറിയുന്നത്. അബോധാവസ്ഥയിൽ കണ്ടയാളെ സൗദി റെഡ് ക്രസൻറ് വിഭാഗം കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും കരൾരോഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നു മാസത്തോളം ചികിത്സിക്കുകയും അതിനിടയിൽ മരണത്തിന് കീഴടങ്ങുകയുമായിരുന്നെന്ന് ആശുപത്രിയധികൃതർ പറഞ്ഞു. അബോധാവസ്ഥയിൽ ആയതിനാൽ അയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ശേഖരിക്കാൻ അധികൃതർക്ക് കഴിഞ്ഞതുമില്ല.
ആളെ തിരിച്ചറിഞ്ഞതോടെ പിന്നീട് മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി പ്രവർത്തകർ നേതൃത്വം നൽകി. ജീവകാരുണ്യ വിഭാഗം കേന്ദ്ര കമ്മിറ്റി അംഗം പി.എൻ.എം. റഫീഖിെൻറ നേതൃത്വത്തിൽ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. പൊലീസ് അന്വേഷണം പൂർത്തിയാകാൻ സമയമെടുത്തതിനാൽ അന്തിമരേഖകൾ ശരിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഒന്നരമാസം സമയമെടുത്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾ പൂർണമായും ഇന്ത്യൻ എംബസി വഹിച്ചു. എംബസി ഡെത്ത് വിഭാഗവും ഫസ്റ്റ് സെക്രട്ടറി മൊയിൻ അക്തർ, അറ്റാഷെ മീനാ ഭഗവാൻ എന്നിവർ വിഷയത്തിൽ തുടക്കം മുതൽ തന്നെ ഇടപെട്ടു. മരിച്ച വിജയന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.