കരുനാഗപ്പള്ളിയിൽ മഹേഷിന് ഭീഷണിയായി ബോബൻ ജി നാഥ്‌

0
FB IMG 1774100021549

കൊല്ലം : കരുനാഗപ്പള്ളിയിൽ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ബോബൻ ജി നാഥ്‌ നിലവിലെ എംഎൽഎ സി.ആർ മഹേഷിനെതിരെ മത്സരിക്കുന്നത്. കരുനാഗപ്പള്ളിയില്‍ അസി. റിട്ടേണിംഗ് ഓഫീസറായ തഹസീല്‍ദാർക്ക് മുന്നില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

എം.എല്‍.എ യും സ്കൂള്‍ സഹപാഠിയുമായ സുഹൃത്ത് മത്സരിക്കുമ്പോള്‍ ഇങ്ങനൊരു നീക്കം വേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് ബോബന്റെ മറുപടി- “എന്റെ പോരാട്ടം ജാതി വിവേചനമില്ലാത്ത ഒരു സമൂഹത്തിനായാണ്. ഒരാളു പോലും പൊതു സമൂഹത്തില്‍ ജാതിയുടെ പേരില്‍ തഴയപ്പെടാൻ പാടില്ല, രാഷ്ട്രീയ രംഗത്ത് പ്രത്യേകിച്ചും”

പത്രിക സമർപ്പിക്കാൻ ബോബനോടൊപ്പം ഭാര്യ അനിലയുമുണ്ടായിരുന്നു. മുനിസിപ്പല്‍ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടും കഴിഞ്ഞ തവണ കെ.എസ്.ആർ.ടി.സി ഡിവിഷനില്‍ മത്സരിക്കാൻ ആഗ്രഹിച്ച ബോബന് കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നല്‍കിയിരുന്നില്ല. മുന്നോക്ക ജാതി വോട്ടർമാർ കൂടുതലുള്ള ഡിവിഷനില്‍ ഒരു മുന്നോക്ക സമുദായക്കാരൻ മത്സരിക്കട്ടെയെന്ന ചിലരുടെ നിലപാടാണ് സീറ്റ് നിഷേധിക്കാൻ കാരണമായതെന്ന ആക്ഷേപം ഉയർന്നിരുന്നു. സീറ്റ് നിഷേധിച്ച ഡിവിഷനില്‍ ജയിച്ചത് ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

അതേസമയം പത്രിക പിൻവലിക്കുന്ന സമയത്ത് ബോബൻ നൽകിയ പത്രിക പിൻവലിക്കുമെന്ന് ചില കോൺഗ്രസ് നേതാക്കൾ തന്നെ പറയുകയുണ്ടായി. കരുനാഗപ്പള്ളിയിൽ കോൺഗ്രസിൽ തന്നെ ഒരു വിഭാഗം നേതാക്കൾ സി.ആർ മഹേഷിനെതിരാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കരുനാഗപ്പള്ളി യുഡിഎഫ് കൺവീനർ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ അംഗത്വം നേടിയിരുന്നു. കരുനാഗപ്പള്ളിയിലെ നല്ലൊരു ശതമാനം ഈഴവരും  യുഡിഎഫിന് വോട്ട് ചെയ്യില്ല എന്ന തീരുമാനത്തിലുമാണ്. ഈഴവരുടെ ശക്തി തെളിയിക്കുന്നതിന് വേണ്ടി തിങ്കളാഴ്ച സ്ഥാനാർത്ഥിയെ നിർത്താനും പദ്ധതിയുണ്ട്. ഈഴവ സമുദായത്തിന്റെ കരുനാഗപ്പള്ളിയിലെ ചില നേതാക്കൾക്ക് സി.ആർ മഹേഷ് എംഎൽഎ  കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുത്തുവെന്ന് ആരോപിച്ചാണ് അവർ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *