മദ്യപിച്ച് വിമാനത്തിൽ കയറി ബഹളം വെച്ച മലയാളി യാത്രക്കാരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്തു
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്തു. അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറിയ ശേഷം സീറ്റിലിരിക്കാതെ ബഹളം വെച്ചതോടെയാണിത്. ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിറക്കിയത്. തുടർന്ന് നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയെങ്കിലും കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് പുലർച്ചെ വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു സത്യബാബു. ഇയാൾ വിമാനത്തിനകത്ത് ബഹളം വെച്ചപ്പോൾ യാത്രക്കാർ പരാതിപ്പെടുകയായിരുന്നു. പൈലറ്റ് ഇയാളോട് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സത്യബാബു അതിന് തയ്യാറായില്ല. പൈലറ്റ് ആവശ്യപ്പെട്ട പ്രകാരമാണ് സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് ഇയാളെ പിടിച്ചിറക്കിയത്.